Quantcast

'ഇന്ത്യയെ തകർക്കുന്നു'; സംഭൽ സംഘർഷത്തിൽ വിക്കിപീഡിയക്കെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ

സാമുദായിക സൗഹാർദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് സംഭലിലെ അക്രമമെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറയുന്നത്

MediaOne Logo

Web Desk

  • Published:

    3 Dec 2024 10:52 AM GMT

ഇന്ത്യയെ തകർക്കുന്നു; സംഭൽ സംഘർഷത്തിൽ വിക്കിപീഡിയക്കെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ
X

ലക്‌നൗ: സംഭൽ സംഘർഷത്തിന്റെ പശ്ചാതലത്തിൽ തെറ്റായ വിവരങ്ങൾ നൽകി ഇന്ത്യയെ 'കത്തിക്കാനാണ്' വിക്കിപീഡിയ ആഗ്രഹിക്കുന്നതെന്ന ആരോപണവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ.

വിക്കിപീഡിയയില്‍ പറയുംപോലെ 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം അക്രമത്തിലേക്ക് നയിച്ചിട്ടില്ലെന്നും മുദ്രാവാക്യമോ വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന പരാമർശങ്ങളോ അതിലുപരി വിജയാഹ്ലാദമോ പോലും ഉണ്ടായിട്ടില്ലെന്നും എക്സിലെഴുതിയ കുറിപ്പില്‍ മാളവ്യ അവകാശപ്പെടുന്നു. എന്താണ് അവരുടെ അജണ്ടയെന്നും മാളവ്യ ചോദിച്ചു.

തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച കുറിപ്പ് മാളവ്യ എക്സില്‍ പോസ്റ്റ് ചെയ്തത്. മാളവ്യയുടെ പോസ്റ്റിന് പിന്നാലെ 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം അക്രമത്തിലേക്ക് നയിച്ചെന്ന ഭാഗം തിരുത്തുകയും ചെയ്തു. അതേസമയം കോടതി നിയോഗിച്ച സർവേ കമ്മീഷനെ അനുഗമിച്ച ചിലർ മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ 'ജയ് ശ്രീറാം' വിളിച്ചുവെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണങ്ങൾ പേജിൽ ഇപ്പോഴുമുണ്ട്.

സാമുദായിക സൗഹാർദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് സംഭലിലെ അക്രമമെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറയുന്നത്.

സംഭൽ വിഷയം ലോക്‌സഭയിലും സമാജ്‌വാദി പാർട്ടി ഉയർത്തി. മസ്ജിദിലെ സർവേ നടപടി മതവികാരം വ്രണപ്പെടുത്തുന്നതും സമുദായമൈത്രി തകർക്കുന്നതുമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ലോക്‌സഭയിൽ ശൂന്യവേളയിലാണ് അഖിലേഷ് വിഷയം ഉയർത്തിയത്.

ജില്ലയിലെ മതസൗഹാർദം തകർക്കാൻ വേണ്ടി കൃത്യമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപിയെ ലക്ഷ്യമിട്ട് അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിതിരിച്ചുവിടാൻ വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് സംഭൽ മസ്ജിദ് സർവേയും തുടർന്നുള്ള സംഘർഷവുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസാണ് പ്രതിഷേധക്കാർക്കുനേരെ വെടിവച്ചതെന്നും അഖിലേഷ് ആരോപിച്ചു.

TAGS :

Next Story