ആംആദ്മി സർക്കാരിനെ പുറത്താക്കാനുള്ള ബി.ജെ.പി യുടെ ആവേശവും നിശ്ചയദാർഢ്യവും വർധിച്ചു: വീരേന്ദ്ര സച്ച്ദേവ
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും ഡൽഹി ബി.ജെ.പി അധ്യക്ഷൻ
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ആവേശകരമായ വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പ്രചോദനമാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി സർക്കാരിനെ പുറത്താക്കാനുള്ള ബി.ജെ.പി യുടെ ആവേശവും നിശ്ചയദാർഢ്യവും ഇതോടെ വർധിച്ചതായും സച്ച്ദേവ പറഞ്ഞു.
ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ 123-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച നടക്കുന്ന പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും സച്ച്‌ദേവ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു.
ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിലായിരുന്ന അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചത് ആയുധമാക്കി ഉയർത്തിക്കാട്ടിയ ആംആദ്മി പാർട്ടിക്കും അവരുമായി സഹകരിച്ച കോൺഗ്രസിനും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല കനത്ത തിരിച്ചടിയാണ് നേരിട്ടത്. നിലവിൽ ഡൽഹി നിയമസഭയിൽ ബിജെപിക്ക് വെറും 8 എം.എൽ.എ മാരാണുള്ളത്. 70 അംഗ നിയമസഭയിൽ ഭരണകക്ഷിയായ എ.എ.പിക്ക് 61 എംഎൽഎമാരാണുള്ളത്.
Adjust Story Font
16