ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയുടെ ആസ്തി 221.37 കോടി
മാധവിക്കും ഭര്‍ത്താവ് കൊമ്പെല്ല വിശ്വനാഥും ബിസിനസുകാരാണ്
കൊമ്പെല്ല മാധവി ലത
ഹൈദരാബാദ്: ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയുടെ ആസ്തി 221.37 കോടി. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ഥികളില്‍ ഒരാളാണ് മാധവി ലത.
മാധവിക്കും ഭര്‍ത്താവ് കൊമ്പെല്ല വിശ്വനാഥും ബിസിനസുകാരാണ്. ഇരുവര്‍ക്കുമായി 165.46 കോടി രൂപയുടെ ജംഗമ ആസ്തികളും 55.91 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്.ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മാധവി ലത കുടുംബ സ്വത്തിൻ്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.സെക്കന്തരാബാദില്‍ താമസിക്കുന്ന മാധവി ലത ഈയിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കന്നിയങ്കമാണ് ലതയുടേത് .
ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളിൽ 25.20 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെ 31.31 കോടി രൂപയുടെ ജംഗമ ആസ്തികൾ മാധവി ലതക്കുണ്ട്. വിരിഞ്ചി ലിമിറ്റഡിൽ 7.80 കോടി രൂപയുടെ നിക്ഷേപമുണ്ട്. 3.78 കോടി രൂപയുടെ സ്വർണാഭരണങ്ങളുമുണ്ട്. വിരിഞ്ചി ലിമിറ്റഡിലെ 52.36 കോടി രൂപയുടെ ഓഹരികൾ ഉൾപ്പെടെ 88.31 കോടി രൂപയുടെ ജംഗമ ആസ്തിയാണ് വിശ്വനാഥിനുള്ളത്. മൂന്ന് കുട്ടികൾക്കും കൂടി 45 കോടിയിലധികം വരുന്ന ജംഗമ സ്വത്തുക്കൾ ഉണ്ട്. ലതക്ക് 6.32 കോടി രൂപയും ഭർത്താവിൻ്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം 49.59 കോടി രൂപയുമാണ്.ഹൈദരാബാദിലും പരിസരത്തുമുള്ള കാർഷികേതര ഭൂമിയും വാണിജ്യ, പാർപ്പിട കെട്ടിടങ്ങളും ആസ്തികളിൽ ഉൾപ്പെടുന്നു. മാധവി ലതയ്ക്ക് 90 ലക്ഷം രൂപയുടെ ബാധ്യതയും ഭര്‍ത്താവിന് 26.13 കോടിയുടെ ബാധ്യതയുണ്ട്.
അതേസമയം രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്‍ലിം പള്ളിക്ക് നേരെ സാങ്കല്‍പിക അസ്ത്രം എയ്തതിന് ബീഗംബസാർ പൊലീസ് മാധവി ലതക്കെതിരെ കേസെടുത്തിട്ടുണ്ട്. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപിക അമ്പെയ്യുന്ന വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു. ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ മുസ്‌ലിം സമുദായത്തിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയാണ് മാധവി ലതയെന്ന് എഫ്ഐആറിൽ പറയുന്നു. 'എപ്രിൽ 17ന് ശ്രീരാമനവമി ശോഭയാത്രയ്ക്കിടെ മാധവി ലത, ഒരു സാങ്കൽപിക അമ്പടയാളം വരച്ച് മസ്ജിദിന് നേരെ എയ്യുന്ന ആംഗ്യം കാണിച്ചു'.
'ഈ നികൃഷ്ടമായ പെരുമാറ്റത്തിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു'- എഫ്ഐആർ വിശദമാക്കുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്ക്കും ബിജെപിക്കുമെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയടക്കമുള്ളവർ രംഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.
Adjust Story Font
16