'എഫ്‌ഐആര്‍ മെഡല്‍ പോലെ'; ബുർഖ അഴിപ്പിച്ചുള്ള പരിശോധനയ്ക്കെതിരായ കേസിൽ മാധവി ലത
പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായ മാധവി ലത
ന്യൂഡല്‍ഹി: പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് മാധവി ലത. എഫ്‌ഐആറുകള്‍ തനിക്ക് മെഡല്‍ പോലെയാണെന്നാണ് നേതാവിന്റെ പ്രതികരണം.
നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായ മാധവി ലത. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തതിനു പിന്നാലെ മാധവി ലതക്കെതിരെ മാലക്‌പേട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. 'വോട്ട് ചെയ്യാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രിസൈഡിങ് ഓഫീസര്‍ പിടികൂടിയെന്ന വിവരം കിട്ടിയിരുന്നു. ഇതില്‍ അവര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. എന്റെ മേല്‍ കേസെടുത്ത അവര്‍ മറ്റുള്ളവരോട് അങ്ങനെയല്ല. എനിക്ക് മെഡല്‍ പോലെ എഫ്‌ഐആറുകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്'- മാധവി ലത മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അസംപൂരില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാര്‍ഡുകള്‍ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്. മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. എന്നാല്‍ സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടര്‍മാരെ പരിശോധിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ ന്യായീകരണം.
35 കാരിയായ മാധവിക്ക് എതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്ത സംഭവത്തില്‍ മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലായിരുന്നു കേസ്.
Adjust Story Font
16