Quantcast

ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്തതിന് വിദ്യാര്‍ഥികളെ തല്ലി; നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

ചെന്നൈയിലെ കെറുമ്പാക്കത്ത് വെള്ളിയാഴ്ചയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    4 Nov 2023 7:30 AM GMT

Ranjana Nachiyaar
X

രഞ്ജന നാച്ചിയാര്‍

ചെന്നൈ: തമിഴ്നാട് ബി.ജെ.പി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന വിദ്യാര്‍ഥികളെ തല്ലിയതിനാണ് രഞ്ജനയെ ശനിയാഴ്ച മാങ്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ കെറുമ്പാക്കത്ത് വെള്ളിയാഴ്ചയാണ് സംഭവം. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന തിരക്കേറിയ സ്റ്റേറ്റ് ബസിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് ആ വഴി കാറിൽ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബസ് തടഞ്ഞ് വിദ്യാർഥികളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ബസ് കണ്ടക്ടറെയും അസഭ്യം പറയുകയും വിദ്യാര്‍ഥികളെ തല്ലുകയും ചെയ്തു. കുട്ടികള്‍ അപകടകരമായ രീതിയില്‍ ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുന്നതിന്‍റെയും രഞ്ജന ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതിന്‍റെയുമെല്ലാം വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് ഡ്രൈവറോട് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും നടി ആവശ്യപ്പെട്ടു. ചില വിദ്യാർഥികൾ ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ, രഞ്ജന അവരെ ബലമായി വലിച്ചിറക്കി തല്ലുകയായിരുന്നു. കുട്ടികളെ ഉപദ്രവിച്ചതിനും സര്‍ക്കാര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രഞ്ജനയെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ തന്‍റെ ജനലിൽ ഇടിച്ചതായി അവർ ആരോപിച്ചു.അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്ന താരത്തിന്‍റെ വീഡിയോയും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.എന്നാൽ, ഇത് സംബന്ധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ലെന്നും നടിക്കെതിരെ എഫ്‌ഐആർ മാത്രമാണ് ഫയൽ ചെയ്തതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രഞ്ജനയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാനായി അര മണിക്കൂറോളം കാത്തുനിന്നതായി പൊലീസ് പറഞ്ഞു. ഏറെ നേരം നീണ്ട തർക്കത്തിന് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

TAGS :

Next Story