ആന്ധ്രയിൽ മോദിയുടെ ഹെലികോപ്ടറിനുനേരെ കറുത്ത ബലൂൺ പറത്തി പ്രതിഷേധം; സുരക്ഷാ വീഴ്ചയില്‍ നടപടി
മൂന്ന് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ആന്ധ്ര പൊലീസ്
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്ര സന്ദർശനത്തിനിടെ കറുത്ത ബലൂൺ പറത്തി കോൺഗ്രസ് പ്രതിഷേധം. മോദിയുടെ ഹെലികോപ്ടറിനുനേരെ പ്രതിഷേധ സൂചകമായി കറുത്ത ഹൈഡ്രജൻ ബലൂണുകൾ പറത്തുകയായിരുന്നു കോൺഗ്രസ് പ്രവർത്തകർ. വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ട സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.
ഇന്ന് വിജയവാഡയിലായിരുന്നു സംഭവം. ഇവിടെ ഗണ്ണവരം വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ പറന്നുയർന്നതിനു പിന്നാലെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ഹൈഡ്രജൻ ബലൂണുകൾ പറത്തിവിടുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻസുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്.
സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് ആന്ധ്ര പൊലീസ് പ്രതികരിച്ചു. എന്നാൽ, കറുത്ത ബലൂണുകളുമായി വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എസ്.പി സിദ്ദാർത്ഥ് കൗശാൽ അറിയിച്ചു. ഒരാളെ തിരിച്ചറിയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇന്ന് ഹൈദരാബാദിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി വിജയവാഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിൽ ഭീമവരത്തേക്ക് തിരിച്ചു. സ്വതന്ത്ര്യ സമര നേതാവും വിപ്ലവ പ്രവർത്തകനുമായിരുന്ന അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനത്തിനെത്തിയതായിരുന്നു മോദി. ചടങ്ങിൽ ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ, മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ഹൈദരാബാദിൽ 'മണി ഹെയ്സ്റ്റ്' പ്രതിഷേധം
ഹൈദരാബാദിലും നരേന്ദ്ര മോദിക്കെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു. ബി.ജെ.പിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിനെത്തിയ മോദിയെ കൊള്ളക്കാരനായി അവതരിപ്പിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോർഡിങ്ങുകളും പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ആഗോളതലത്തിൽ സൂപ്പർഹിറ്റായ വെബ് സീരീസ് 'മണി ഹെയ്സ്റ്റി'ലെ കഥാപാത്രങ്ങളെ വച്ചാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്.
'മിസ്റ്റർ നരേന്ദ്ര മോദി, ഞങ്ങൾ ബാങ്ക് മാത്രമേ കൊള്ളയടിക്കുന്നുള്ളൂ, താങ്കൾ രാജ്യം മുഴുവൻ കൊള്ളയടിക്കുകയാണ്' എന്നാണ് ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന ഹോർഡിങ്ങുകളിലെ പ്രധാന വാചകങ്ങൾ. #byebyemodi എന്ന ഹാഷ്ടാടും കൂടെ ചേർത്തിട്ടുണ്ട്. നഗരത്തിലെ എൽ.ബി നഗർ സർക്കിളിലാണ് ആദ്യമായി ഇത്തരത്തിലൊരു ഹോർഡിങ് ഉയർന്നത്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ പരേഡ് ഗ്രൗണ്ട്, ബീഗംപേട്ട്, ഹൈടെക് സിറ്റി, നാമ്പള്ളി, ബഞ്ചാര ഹിൽസ്, മാധാപൂർ, ലക്ഡികാപുൽ അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം സമാനമായ പോസ്റ്ററുകളും ഹോർഡിങ്ങുകളും ഉയർന്നിരിക്കുകയാണ്.
അതിനിടെ, ഒരുസംഘം യുവാക്കൾ മണി ഹെയ്സ്റ്റ് കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് നഗരത്തിൽ ഊരുചുറ്റുകയാണ്. വൈറൽ ഹോർഡിങ്ങുകളിലെ വാചകങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ഇവർ നഗരത്തിലുടനീളം വാഹനങ്ങളിൽ കറങ്ങുന്നത്. ഹൈദരാബാദിലുള്ള പ്രധാനപ്പെട്ട ബാങ്ക് ശാഖകൾക്കും റെയിൽവേ, എൽ.ഐ.സി അടക്കമുള്ള സ്ഥലങ്ങളിലും നിന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു ഇവർ. ഇതിന്റെ ചിത്രങ്ങൾ തെലങ്കാന രാഷ്ട്രീയസമിതി(ടി.ആർ.എസ്) സോഷ്യൽ മീഡിയ കൺവീനർ സതീഷ് റെഡ്ഡി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ''ഹൈദരാബാദിൽ എന്താണ് സംഭവിക്കുന്നത്? മോദി ഹെയ്സ്റ്റ് മണി ഹെയ്സ്റ്റിലും ഭീകരമാണെന്നു തോന്നുന്നു'' എന്ന് ചിത്രങ്ങൾക്ക് അടിക്കുറിപ്പായും ചേർത്തിട്ടുണ്ട്.
ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിനു മുന്നോടിയായി നേരത്തെ ടി.ആർ.എസിന്റെ നേതൃത്വത്തിൽ തെലങ്കാനയിലുടനീളം മോദിക്കെതിരെ ഹോർഡിങ്ങുകളും ഫ്ളക്സുകളും ഉയർന്നിരുന്നു. 'മോദി, ജനങ്ങളെ കൊല്ലുന്നത് നിർത്തൂ' എന്ന തലവാചകത്തോടെയാണ് ഈ ഫ്ളക്സുകളുള്ളത്. വിവാദ കാർഷിക നിയമം, അഗ്‌നിപഥ് പദ്ധതി, നോട്ടുനിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, കോവിഡിനെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്തതിലെ വീഴ്ച തുടങ്ങിയവയെല്ലാം ഇതിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
Summary: Congress workers release black balloons near PM Narandra Modi's chopper in Andhra Pradesh; 3 held
Adjust Story Font
16