എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്രമാണ് ഉത്തരവാദി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍
കേന്ദ്രം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്ന സമയത്ത് അവിടെ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്
Satyapal Malik
ഡല്‍ഹി: ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. 2019 ആഗസ്തില്‍ കേന്ദ്രം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്ന സമയത്ത് അവിടെ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.
ഇസഡ് പ്ലസ് സുരക്ഷ തനിക്ക് ഇനി ഉണ്ടാകില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് അറിഞ്ഞെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. ഇന്ത്യയില്‍ ഒരു നേതാവിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സുരക്ഷയാണിത്- "എനിക്ക് ഇപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ (പി.എസ്.ഒ) മാത്രമാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ആ പി.എസ്.ഒ വന്നിട്ടില്ല. ആർക്കും എന്നെ ആക്രമിക്കാമെന്ന അവസ്ഥയാണ്"- സത്യപാൽ മാലിക് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
"ജമ്മു കശ്മീരിലെ മുൻ ഗവർണർമാർക്കെല്ലാം നല്ല സുരക്ഷ നല്‍കുന്നുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കും. ഞാൻ ജമ്മു കശ്മീരിലെ നിയമസഭ പിരിച്ചുവിടുക മാത്രമാണ് ചെയ്തത്. ആർട്ടിക്കിൾ 370 എന്റെ കാലത്താണ് നീക്കം ചെയ്യപ്പെട്ടത്"- സത്യപാല്‍ മാലിക് പറഞ്ഞു.
സത്യപാല്‍ മാലിക് ഇതിനു മുന്‍പും ബി.ജെ.പി സര്‍ക്കാരിനോട് ഇടഞ്ഞിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷകരുടെ സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഫയലുകൾ തീർപ്പാക്കുന്നതിന് 300 കോടി രൂപ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ജമ്മു കശ്മീരില്‍ സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി, ജമ്മു കശ്മീരിലെ കിരു ജലവൈദ്യുത പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഒപ്പിടാനാണ് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുകയാണ്.
സത്യപാല്‍ മാലിക്കിനെ 2017ൽ ബിഹാർ ഗവർണറായാണ് നിയമിച്ചത്. 2018ൽ ജമ്മു കശ്മീരിലേക്കും 2019ൽ ഗോവയിലേക്കും 2020ൽ മേഘാലയയിലേക്കും മാറ്റി. അഞ്ച് വർഷത്തെ ഗവർണർ കാലാവധി 2022 ഒക്ടോബറിൽ അവസാനിച്ചു.
Summary- Former Jammu and Kashmir Governor Satyapal Malik has strongly criticised the centre after his Z-plus security cover was withdrawn
Adjust Story Font
16