Quantcast

പ്രവാചകനിന്ദ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് കരുതുന്നില്ല: വി. മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എട്ട് വർഷത്തെ ഭരണത്തിൽ അയൽ രാജ്യങ്ങളുമായും മറ്റു വിദേശ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2022-06-17 09:39:42.0

Published:

17 Jun 2022 9:37 AM GMT

പ്രവാചകനിന്ദ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് കരുതുന്നില്ല: വി. മുരളീധരൻ
X

കോയമ്പത്തൂർ: പ്രവാചകനിന്ദ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങളുമായുള്ള നയതതന്ത്ര ബന്ധം എങ്ങനെ ഊട്ടിയുറപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'' ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ നിയമവാഴ്ച നിലനിൽക്കുന്ന ഒരു സ്വതന്ത്ര ജുഡീഷ്യറിയുണ്ട്, ഓരോരുത്തർക്കും നീതി ഉറപ്പാക്കിക്കൊണ്ട് രാജ്യം എല്ലാ പൗരന്മാരെയും പരിപാലിക്കും. സമീപകാല സംഭവങ്ങൾ കാരണം മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല,'' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എട്ട് വർഷത്തെ ഭരണത്തിൽ അയൽ രാജ്യങ്ങളുമായും മറ്റു വിദേശ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശ്രീകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 'മോദിക്കാലത്തെ വിദേശ നയത്തിലെ ഇന്ത്യയുടെ വിജയഗാഥ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് നീങ്ങുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്റ്റാർട്ടപ്പ് ഇക്കോ സംവിധാനത്തിൽ രാജ്യം മൂന്നാം സ്ഥാനത്താണെന്നും വരും ദിവസങ്ങളിൽ അത് ഉന്നതിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്ന മൂവായിരത്തോളം തമിഴ്നാട് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത് സർക്കാറിന്റെ പരിഗണനയിലുണ്ട്. ഇത് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ മോദി സർക്കാറിന്റെ വിവിധ നയതന്ത്ര പരിപാടികളെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. അടുത്ത 25 വർഷം ഇന്ത്യയുടെ പരിവർത്തന യുഗമാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

TAGS :

Next Story