അന്ധത ഒരു കുറവല്ല; കാഴ്ചാശേഷിയില്ലാത്ത ഭാരതി അണ്ണ സി.പി.എം ജില്ലാ സെക്രട്ടറി
ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ കാഴ്ചാ ശേഷിയില്ലാത്ത ഒരാൾ ഏതെങ്കിലും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്.
കാഴ്ചാ ശേഷിയില്ലാത്തയാളെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത് തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ട് സി.പി.എം ജില്ലാ ഘടകം. അഭിഭാഷകനും അയിത്തോച്ചാടന മുന്നണി മുൻ ഭാരവാഹിയുമായ ബി.എസ് ഭാരതി അണ്ണയാണ് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ കാഴ്ചാ ശേഷിയില്ലാത്ത ഒരാൾ ഏതെങ്കിലും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്.
മൂന്നു വയസ്സിനു ശേഷം കാഴ്ചശേഷി നഷ്ടമാവാൻ തുടങ്ങുകയും 2014-ഓടെ പൂർണമായി അന്ധത ബാധിക്കുകയും ചെയ്ത ഭാരതി അണ്ണ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ഡോ. അംബേദ്കർ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം ചെങ്കൽപേട്ടിൽ പ്രാക്ടീസ് ആരംഭിച്ചു. തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ അംഗ പരിമിതി നേരിടുന്നവർക്കു വേണ്ടി പ്രവർത്തിച്ചു വരികയാണ്.
'മൂന്നു വയസ്സുവരെ എനിക്ക് കാഴ്ചാശേഷി ഉണ്ടായിരുന്നു. പിന്നീട് ഹ്രസ്വദൃഷ്ടി ബാധിക്കുകയും ക്രമേണ കുറഞ്ഞുവന്ന കാഴ്ച 2014-ൽ പൂർണമായി നഷ്ടമാവുകയും ചെയ്തു. തീരെ കാഴ്ച ഇല്ലാതായതോടെ ജോലി ചെയ്യുക ദുഷ്‌കരമായി. അതോടെ രാജിവെച്ചു. അൽപകാലം വിഷാദരോഗത്തിനും അടിമയായി. പക്ഷേ, ആധുനിക സാങ്കേതിക വിദ്യകൾ എനിക്ക് സഹായകമായി. ഇപ്പോൾ അംഗപരിമിതർക്കായുള്ള ഒരു യൂണിറ്റിലാണ് ജോലി ചെയ്യുന്നത്.' - ബി.എസ് ഭാരതി അണ്ണയെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
എല്ലാതരം അംഗപരിമിതി അനുഭവിക്കുന്നവരുടെയും അവരെ പരിചരിക്കുന്നവരുടെയും അവകാശങ്ങൾക്കു വേണ്ടിപ്രവർത്തിക്കുന്ന സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഢണ്ട് കൂടിയാണ് ഭാരതി അണ്ണ.
Adjust Story Font
16