Quantcast

ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ജി.എല്‍ ശര്‍മ കോണ്‍ഗ്രസില്‍

ഹരിയാന സർക്കാരിൽ ക്ഷീരവികസന കോർപ്പറേഷൻ്റെ ചെയർമാനായും ശർമ പ്രവർത്തിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 Sep 2024 6:40 AM GMT

G L Sharma
X

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന വൈസ് പ്രസിഡൻ്റും ഗുരുഗ്രാമിൽ നിന്നുള്ള ബ്രാഹ്മണ സമുദായ നേതാവുമായ ജി.എൽ ശർമ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയായി. ബിജെപി വിട്ട ശര്‍മ ഞായറാഴ്ച കോൺഗ്രസിൽ ചേർന്നു. ശർമയ്‌ക്കൊപ്പം 250-ലധികം ഭാരവാഹികളും ബി.ജെ.പിയിലെയും മറ്റ് വിവിധ സംഘടനകളിലെയും ആയിരക്കണക്കിന് പ്രവർത്തകരും കോൺഗ്രസ് അംഗത്വമെടുത്തു.

ഹരിയാന സർക്കാരിൽ ക്ഷീരവികസന കോർപ്പറേഷൻ്റെ ചെയർമാനായും ശർമ പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസിൽ പുതിയ സഹപ്രവർത്തകർ ചേരുന്നത് സംഘടനയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്ന് ചടങ്ങിൽ പറഞ്ഞു. 'എല്ലാ സമുദായങ്ങളുടെയും താൽപര്യങ്ങൾ സുരക്ഷിതമായ രാജ്യത്തെ ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. തൊഴിൽ, വികസനം, കായികം, നിക്ഷേപം എന്നിവയിൽ സംസ്ഥാനത്തെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും, ഹൂഡ കൂട്ടിച്ചേര്‍ത്തു.

ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ കാരണം സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും ബുദ്ധിമുട്ടിലാണെന്ന് ചടങ്ങിൽ സംസാരിച്ച റോഹ്തക്കിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ പറഞ്ഞു. ''യുവാക്കൾ തൊഴിലില്ലായ്മയാൽ ബുദ്ധിമുട്ടുന്നു, കർഷകർക്ക് വിളകൾക്ക് വില ലഭിക്കുന്നില്ല, കായികതാരങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല, സൈന്യത്തിലെ അഗ്നിവീർ പദ്ധതിയിൽ സൈനികർക്ക് ബുദ്ധിമുട്ടുണ്ട്, സുരക്ഷയില്ലായ്മയും വിലക്കയറ്റവും മൂലം സ്ത്രീകൾ ബുദ്ധിമുട്ടുന്നു, ”ദീപേന്ദര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 5നാണ് ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. 67 സ്ഥാനാർഥികളുടെ പട്ടികയിൽ നിന്ന് ഒമ്പത് സിറ്റിംഗ് എംഎൽഎമാരെ ബിജെപി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നത്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി രഞ്ജിത്ത് സിങ് ചൗട്ടാല മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

രതിയ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ലക്ഷ്മൺ നാപ, മുൻ മന്ത്രി കരൺ ദേവ് കാംബോജ് എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ മറ്റു നേതാക്കൾ. രതിയ മണ്ഡലത്തിൽ നിന്ന് വീണ്ടും ലക്ഷ്മൺ നാപക്ക് ടിക്കറ്റ് നൽകാമെന്ന് ബിജെപി അറിയിച്ചെങ്കിലും കോണ്‍ഗ്രസില്‍ ചേരാനാണ് ലക്ഷ്മണിന്‍റെ തീരുമാനം. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്‍റെ മകനും മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനുമായ രഞ്ജിത്ത് സിങ് ചൗട്ടാല റാനിയ മണ്ഡലത്തിൽ നിന്നു സ്വതന്ത്രനായോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടി സ്ഥാനാർഥിയായോ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാനി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എംഎൽഎ ആയ രഞ്ജിത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കിയത്. ദബ്‌വാലി മണ്ഡലത്തിൽ നിന്ന് ബിജെപി സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

ഇന്ദ്രിയിൽ നിന്നോ റദൗറിൽ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഒബിസി മോർച്ച നേതാവ് കാംബോജ് പാർട്ടി പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന രൂക്ഷവിമർശനമുയർത്തിയിരുന്നു. അതേസമയം കോൺഗ്രസ്‌ ആം ആദ്മി പാർട്ടി സഖ്യചർച്ചകളും തുടരുകയാണ്. ബിജെപിക്ക്‌ പിന്നാലെ കോൺഗ്രസിലും സീറ്റ് ലഭിക്കാത്ത നേതാക്കൾ പ്രതിഷേധത്തിലാണ്.വ്യാഴാഴ്ചയാണ് ഹരിയാനയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം.

TAGS :

Next Story