Quantcast

'അവരൊക്കെ വല്യ ആളുകളാണ്,ആരും ഒന്നും ചെയ്യില്ല, നഷ്ടം ഞങ്ങള്‍ക്ക് മാത്രമാണ്'; ബി.എം.ഡബ്ല്യു കാറിടിച്ച് മരിച്ച സ്ത്രീയുടെ ഭർത്താവ്

ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ ഓടിച്ച കാറിടിച്ചാണ് 45 കാരി മരിച്ചത്

MediaOne Logo

Web Desk

  • Published:

    8 July 2024 5:22 AM GMT

bmw hit and run case,Mumbai BMW Hit-And-Run,ബി.എംഡബ്ല്യു കാറിടിച്ച് മരണം,മുംബൈ അപകടം,
X

മുംബൈ: മുംബൈ സ്വദേശികളായ കാവേരി നഖവയ്ക്കും ഭർത്താവ് പ്രദീപ് നഖവയ്ക്കും ഇന്നലെ എന്നത്തേയും പോലൊരു ഞായറാഴ്ചയായിരുന്നു.എന്നാൽ ഒരു നിമിഷം കൊണ്ടാണ് ബി.എം.ഡബ്ല്യു കാറിന്റെ രൂപത്തിൽ എല്ലാം തകിടംമറിച്ചത്. മീൻ വാങ്ങാനായി മാർക്കറ്റിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഇരുവരെയും അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പ്രദീപ് തെറിച്ചു വീണെങ്കിലും കാവേരിയുടെ മുകളിലൂടെ കാർ കയറിയിറങ്ങി.. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 45 കാരിയായ കാവേരിയുടെ ജീവൻ രക്ഷിക്കാനായില്ല. ശിവസേന നേതാവ് രാജേഷ് ഷായുടെ 24 കാരനായ മകൻ മിഹിർ ഷായാണ് വാഹനം ഓടിച്ചിരുന്നതെന്ന് പിന്നീട് തെളിഞ്ഞു.

അപകടത്തിൽ നിസാരമായി പരിക്കേറ്റ പ്രദീപ് രാവിലെ മുതൽ പൊലീസ് സ്റ്റേഷനിലായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം നിരവധി തവണ പൊട്ടിത്തെറിച്ചു. 'പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്, കാർ പിന്നിൽ നിന്ന് വന്ന് സ്‌കൂട്ടറിൽ ഇടിച്ചു, ഞാൻ ഇടതുവശത്തേക്ക് വീണു, പക്ഷേ എന്റെ ഭാര്യയെ റോഡിലൂടെ വലിച്ചിഴച്ചു,' അദ്ദേഹം പറഞ്ഞു.'കാറൊന്ന് നിർത്തിയിരുന്നെങ്കിൽ അവളിപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നു,പക്ഷേ ചെയ്തില്ല.കാറിടിച്ച് വീണ അവള്‍ക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. എന്നാല്‍ ബോണറ്റിന് സൈഡിലേക്ക് വീണ അവളെയും വലിച്ചിഴച്ച് കാറ് വീണ്ടുമെടുത്തു.ഞാന്‍ ഞെട്ടിത്തരിച്ചുപോയി.അയാള്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അവനെ ഞാനൊന്ന് തല്ലുമായിരിക്കും..അതില്‍ കൂടുതല്‍ ഒന്നുമുണ്ടാകില്ല'... ഭര്‍ത്താവ് പറയുന്നു.

'എനിക്ക് രണ്ട് കുട്ടികളുണ്ട്, ഞാൻ എന്ത് ചെയ്യും? ഇവരൊക്കെ വലിയ ആളുകളാണ്, ആരും ഒന്നും ചെയ്യില്ല, കഷ്ടപ്പെടാൻ പോകുന്നത് ഞങ്ങളാണ്..അദ്ദേഹം പറഞ്ഞു.

അതേസമയം,അപകടത്തിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ഉപനേതാവ് രാജേഷ് ഷാ, ഡ്രൈവർ രാജശ്രീ ബിജാവത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രതി മിഹിർഷാക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതി മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.

ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനം മിഹിർ ഷായുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. അപകടസമയത്ത് മിഹിർ ഷായും അവരുടെ ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ജുഹുവിലെ ഒരു ബാറിൽ വെച്ചാണ് മിഹിർ ഷാ മദ്യപിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിലേക്ക് പോകുമ്പോൾ കാർ താൻ ഓടിക്കണമെന്ന് വാശിപിടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മിഹിർ വണ്ടിയോടിച്ചതിന് പിന്നാലെയാണ് ദമ്പതികളുടെ സ്‌കൂട്ടറിലിടിക്കുന്നത്.

സംഭവം ദൗർഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും സേനാ നേതാവുമായ ഏകനാഥ് ഷിൻഡെ പറഞ്ഞു, 'നിയമം അതിന്റേതായ വഴിക്ക് പോകും,നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, പൊലീസുമായി സംസാരിച്ചു, കർശന നടപടി സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു.

പൂനൈയിൽ 24 കാരായ സോഫ്റ്റ് വെയർ എൻജിനീയർമാരുടെ ജീവനെടുത്ത പോർഷെ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് മുംബൈയിലും സമാനമായ രീതിയിൽ അപകടം നടന്നത്. 17 കാരൻ ഓടിച്ച കാറിടിച്ചാണ് പൂനൈയിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായത്. പ്രതി മദ്യപിച്ചിരുന്നതായും തെളിഞ്ഞിരുന്നു. അപകടത്തെ തുടർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിയുടെ പിതാവ് , അമ്മ, മുത്തച്ഛൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story