കടം വാങ്ങിയ 18,000 രൂപ തിരിച്ചുനൽകിയില്ല; പതിനാലുകാരനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു
മഞ്ജീതിനെ വെടിവച്ചയാളുൾപ്പെടെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്
ന്യൂഡൽഹി: സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള തർക്കത്തെതുടർന്ന് പതിനാലുകാരനെ കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തായി ഡൽഹി പൊലീസ് അറിയിച്ചു. ഷഹബാദ് ഡെയറിയിലെ താമസക്കാരായ ഹർഷിത് (21), വിക്രം (19), വിപിൻ (20), പങ്കജ് (19) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട മഞ്ജീത് തങ്ങളിൽ നിന്ന് 18000 രൂപ കടം വാങ്ങിയെന്നും ഇത് തിരിച്ചുചോദിച്ചപ്പോൾ തന്നില്ലെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. ഷഹബാദ് ഡെയറിയിലെ അഴുക്കുചാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ജീത്താണ് മരിച്ചതെന്ന് കണ്ടെത്തുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 19 ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പ്രതികളായ ഹർഷിത്തും വിക്രമും ഷഹബാദ് ഡയറിയുടെ ഡി ബ്ലോക്കിൽ തുണിക്കട നടത്തിയിരുന്നു. ഇവരുടെ കടയിൽ നിന്ന് കടമായി കൊല്ലപ്പെട്ട മഞ്ജീത് വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഇതിന് പുറമെ പണം കടമായും വാങ്ങിയിരുന്നു. ഇതെല്ലാം കൂടി 18,000 രൂപയോളം വരുമെന്നും പ്രതികൾ പറയുന്നു. പണം തിരികെ നൽകാൻ ഹർഷിത് ആവശ്യപ്പെടുമ്പോഴെല്ലാം മൻജീത് ഒഴികഴിവുകൾ പറയുകയും വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും അറസ്റ്റിലായ ഹർഷിത് പറഞ്ഞു.
തുടർന്നാണ് നാല് പ്രതികളും അവരുടെ മൂന്ന് സുഹൃത്തുക്കളും മഞ്ജീത്തിനെ കൊല്ലാൻ പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. പ്രതികൾ മഞ്ജീത്തിനെ കടയിലേക്ക് വിളിച്ചുവരുത്തി പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ച മഞ്ജീതിനെ പ്രതികളിലൊരാൾ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു.മഞ്ജീത്തിനെ വെടിവച്ചയാളുൾപ്പെടെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16