Quantcast

ഭാഗൽപൂർ പിടിക്കാൻ ബോളിവുഡ് നടി; നീക്കവുമായി കോൺഗ്രസ്

മലയാളത്തിൽ സോളോ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിരുന്നു

MediaOne Logo

Web Desk

  • Published:

    24 March 2024 10:05 AM GMT

neha sharma
X

ന്യൂഡൽഹി: ബിഹാറിലെ ഭാഗൽപൂർ സീറ്റിൽ ബോളിവുഡ് നടി നേഹ ശർമ്മയെ കോൺഗ്രസ് മത്സരിപ്പിക്കുമെന്ന് റിപ്പോർട്ട്. പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ്മയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഭാഗൽപൂൽ എംഎൽഎയാണ് അജയ് ശർമ്മ. സീറ്റു വിഭജന ചർച്ച പ്രകാരം മണ്ഡലം കോൺഗ്രസിന് ലഭിക്കുമെങ്കിൽ മകളെ സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

'ഭാഗൽപൂർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ ഇവിടെ പൊരുതി ജയിക്കും. മണ്ഡലം കിട്ടുകയാണ് എങ്കിൽ എന്റെ മകൾ നേഹ ശർമ്മയെ ഇവിടെ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇനി എന്നോട് ആവശ്യപ്പെടുന്നത് എങ്കിൽ ഞാനും തയ്യാറാണ്' - അജയ് ശർമ്മ പറഞ്ഞു.

ഇമ്രാൻ ഹാഷ്മിയുടെ ക്രൂക് എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡിൽ അരങ്ങേറിയത്. തൻഹാജി: ദ അൺസങ് വാരിയർ, യംല പാഗ്‌ല ദീവാനാ 2, തും ബിൻ 2, മുബാറകൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തിൽ സോളോ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ നേഹയെ ഇൻസ്റ്റഗ്രാമിൽ 21 ദശലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്.

ഇത്തവണ നരേന്ദ്രമോദിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് അജയ് ശർമ്മ പറഞ്ഞു. എൻഡിഎയെ ബിഹാറിൽനിന്ന് തുടച്ചുനീക്കും. കേന്ദ്രത്തിൽ നിന്ന് ബിജെപിയെ പുറത്താക്കാനുള്ള ഉത്തരവാദിത്തം ബിഹാർ ഏറ്റെടുക്കുകയാണ്. സീറ്റു വിഭജന ചർച്ചയിൽ ചില പ്രശ്‌നങ്ങൾ മാത്രമേ ഉള്ളൂ. അത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കും.- അദ്ദേഹം കൂട്ടിച്ചേർത്തു.

2019ൽ ജനതാദൾ യുണൈറ്റഡിന്റെ അജയ് കുമാർ ജയിച്ച മണ്ഡലമാണ് ഭാഗൽപൂർ. 2.77 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡൽ ആർജെഡിയുടെ ശൈലേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്. മുൻ ബിജെപി കേന്ദ്രമന്ത്രി സെയദ് ഷാനവാസ് ഹുസൈൻ രണ്ടു തവണ വിജയിച്ച മണ്ഡലമാണിത്.

സംസ്ഥാനത്ത് ഇൻഡ്യ മുന്നണിയുടെ സീറ്റു വിഭജന ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല. അതേസമയം, എൻഡിഎ സീറ്റു നിർണയം പൂർത്തിയായി. 40ൽ 17 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റിൽ ജനവിധി തേടും. ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടിക്ക് അഞ്ചു സീറ്റ് ലഭിച്ചു. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടിക്കും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ഓരോ സീറ്റു വീതം കിട്ടി.

TAGS :

Next Story