അതിഖ് അഹമ്മദിന്‍റെ അഭിഭാഷകന്‍റെ വീടിനു സമീപം ബോംബേറ്
തന്നെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബോംബേറെന്ന് അതിഖിന്റെ അഭിഭാഷകന്‍
പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട മുന്‍ എം.പി അതിഖ് അഹമ്മദിന്‍റെ അഭിഭാഷകന്‍റെ വീടിനു സമീപം ബോംബേറ്. ദയാശങ്കര്‍ മിശ്രയുടെ വീടിന് പുറത്താണ് ബോംബ് സ്ഫോടനമുണ്ടായത്. പ്രയാഗ്‌രാജിലെ കട്‌രയിലാണ് സംഭവം. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.
അഭിഭാഷകനെ ലക്ഷ്യമിട്ടുള്ള ആക്രമണമല്ല നടന്നതെന്ന് കേണല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ റാം മോഹന്‍ റോയ് പറഞ്ഞു. രണ്ട് യുവാക്കള്‍ക്കിടയിലെ ശത്രുതയാണ് ആക്രമണത്തില്‍ കലാശിച്ചത്. സ്‌ഫോടനം നടന്നത് അഭിഭാഷകന്‍റെ വസതിക്ക് സമീപമായത് യാദൃച്ഛികമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബോംബേറെന്ന് സംശയിക്കുന്നതായി അതിഖിന്റെ അഭിഭാഷകന്‍ ദയാശങ്കര്‍ മിശ്ര പറഞ്ഞു.
അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലേക്ക് മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്നു പേരാണ് പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്നതിനിടെ ജയ് ശ്രീറാം എന്ന് കൊലയാളികള്‍ പറയുന്നുണ്ടായിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്‍സിആര്‍ ന്യൂസ് എന്ന പേരിൽ വ്യാജ മൈക്ക് ഐഡിയും ക്യാമറയുമായാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രശസ്തരാവാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
താൻ കൊല്ലപ്പെട്ടാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നൽകാൻ സമാജ്‌വാദി പാർട്ടി മുൻ എം.പി അതിഖ് അഹമ്മദ് കത്തെഴുതിവെച്ചിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മറ്റൊരു അഭിഭാഷകന്‍ വിജയ് മിശ്ര പറയുകയുണ്ടായി. ഈ കത്ത് തന്‍റെ കൈവശമല്ല ഉള്ളത്. മറ്റൊരാളുടെ കൈവശമാണ് ഈ കത്തുള്ളത്. കത്തിന്‍റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
"പ്രയാഗ്‍രാജില്‍ നിന്ന് ബറേലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ഇത്തവണ രക്ഷപ്പെട്ടെന്നും അടുത്ത 15 ദിവസത്തിനുള്ളിൽ ജയിലിൽ നിന്ന് പുറത്തിറക്കി ഇരുവരെയും കൊലപ്പെടുത്തുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഷ്റഫിനോടു പറഞ്ഞിരുന്നു. ആരാണ് ആ ഉദ്യോഗസ്ഥനെന്ന് ഞാൻ ചോദിച്ചതാണ്. പക്ഷെ എന്‍റെ ജീവന്‍ അപകടത്തിലാകുമെന്ന് കരുതി അദ്ദേഹം ആ പേരു പറഞ്ഞില്ല"- അഭിഭാഷകന്‍ പറഞ്ഞു.
Summary- Crude bombs were hurled near the residence of one of the lawyers of Atiq Ahmad
Adjust Story Font
16