Quantcast

എൽഗാർ പരിഷത് കേസ്: റോണ വിൽസണും സുധീർ ധവാലെക്കും ജാമ്യം

2018ൽ ജൂണിൽ ഡൽഹിയിലെ വീട്ടിൽവെച്ചാണ് റോണാ വിൽസണെ അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    9 Jan 2025 5:26 AM GMT

Bombay HC grants bail to Rona Wilson and Sudhir Dhawale in Elgar Parishad case
X

മുംബൈ: എൽഗാർ പരിഷത് കേസിൽ ആക്ടിവിസ്റ്റുകളായ റോണ വിൽസണും സുധീർ ധവാലെക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2018ലാണ് ഇരുവരും അറസ്റ്റിലായത്. കേസിന്റെ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, കമൽ ഖാത എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇരുവരും ഒരുലക്ഷം രൂപ വീതം ബോണ്ടായി കെട്ടിവെക്കണമെന്നും വിചാരണക്ക് എൻഐഎ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേസിന്റെ വിശദാംശങ്ങളിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്ന് പറഞ്ഞ ഹൈക്കോടതി 300ൽ കൂടുതൽ സാക്ഷികളുള്ള കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി. റോണ വിൽസന്റെ ജാമ്യഹരജി കഴിഞ്ഞ ഡിസംബറിൽ എൻഐഎ കോടതി തള്ളിയിരുന്നു.

2017 ഡിസംബർ 31 പൂനെയിൽ സംഘടിപ്പിച്ച എൽഗാർ പരിഷത് സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് അടുത്ത ദിവസം ഭീമ-കൊറേഗാവ് ജില്ലയിലുണ്ടായ സംഘർഷത്തിന് കാരണമെന്ന് ആരോപിച്ചാണ് റോണ വിൽസണെ അറസ്റ്റ് ചെയ്തത്. സമ്മേളനത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ചാണ് പൂനെ പൊലീസ് കേസെടുത്തത്. പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസിൽ 16 പേരാണ് അറസ്റ്റിലായത്.

2018ൽ ജൂണിൽ ഡൽഹിയിലെ വീട്ടിൽവെച്ചാണ് റോണാ വിൽസണെ അറസ്റ്റ് ചെയ്തത്. അർബൻ നക്‌സലുകളുടെ ബുദ്ധികേന്ദ്രമാണ് റോണ വിൽസൺ എന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ അറസ്റ്റിലായ വ്യക്തിയാണ് സുധീർ ധവാലെ. സിപിഐ (മാവോയിസ്റ്റ്) സജീവ പ്രവർത്തകനാണ് ധവാലെയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

TAGS :

Next Story