Quantcast

'മംഗല്യസൂത്രം ഇട്ട് 1987 മുതല്‍ 2017 വരെ നിരന്തര പീഡനം'; 73കാരനെതിരായ ബലാത്സംഗക്കേസ് തള്ളി കോടതി

30 വര്‍ഷത്തിനിടെ ബന്ധത്തില്‍നിന്നു രക്ഷപ്പെടാനും പരാതി നല്‍കാനും നിരവധി അവസരങ്ങളുണ്ടായിരുന്നെങ്കിലും ഇതിനൊന്നും പരാതിക്കാരി ശ്രമിച്ചിട്ടില്ലെന്നു കോടതി

MediaOne Logo

Web Desk

  • Updated:

    2024-08-03 09:47:42.0

Published:

3 Aug 2024 9:24 AM GMT

Bombay High Court quashes rape case against 73-year-old man noting 31 years of consensual relationship with victim woman
X

മുംബൈ: 30 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയില്‍ 73കാരനെ വെറുതെവിട്ട് ബോംബെ ഹൈക്കോടതി. പരാതിക്കാരിയുടെ മുന്‍ തൊഴിലുടമ കൂടിയായ മഹാരാഷ്ട്ര സ്വദേശിക്കെതിരായ ബലാത്സംഗക്കേസാണ് കോടതി തള്ളിയത്. ഉഭയസമ്മതത്തോടെയാണു രണ്ടുപേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും ബന്ധം വഷളായപ്പോഴാണ് കേസുമായി രംഗത്തെത്തിയതെന്നുമാണ് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയത്.

1987 മുതല്‍ പരാതിക്കാരി ജോലി ചെയ്ത കമ്പനിയുടെ ഉടമയായ ലാല്‍ചന്ദ് സിരുമല്‍ ഭോജ്‌വാനിയാണു പ്രതി. അന്നു തൊട്ട് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്ന 2017 വരെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. കല്യാണ്‍, ഭിവണ്ടി ഉള്‍പ്പെടെയുള്ള മുംബൈയിലെ വിവിധ ഇടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയായിരുന്നു പീഡനം നടന്നത്. കഴുത്തില്‍ താലിമാല കെട്ടി രണ്ടാം ഭാര്യയാണെന്നു പറഞ്ഞായിരുന്നു പീഡനമെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

1987 ജൂലൈയിലായിരുന്നു പീഡന പരമ്പരയ്ക്കു തുടക്കം കുറിച്ചത്. ഒരു അവധി ദിവസം ഓഫിസിലെത്താൻ ലാൽചന്ദ് ആവശ്യപ്പെട്ടു. ഓഡിറ്റിങ് നടക്കുന്നതിനാൽ ബില്ലുകൾ ശരിയാക്കാനുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. നിർദേശ പ്രകാരം ഓഫിസിലെത്തുകയും ജോലി ആരംഭിക്കുകയും ചെയ്തു. ഈ സമയത്ത് സ്ഥലത്തെത്തിയ ലാൽചന്ദ് അപ്രതീക്ഷിതമായി ജീവനക്കാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഓഫിസിലെ ടേബിളിൽ കിടത്തി ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ബഹളംവച്ചപ്പോൾ വായിൽ തുണി തിരുകിയും പീഡനം തുടർന്നു. ഒടുവിൽ, പീഡന വിവരം പുറത്തുപറയുകയോ പരാതി നൽകുകയോ ചെയ്യരുതെന്നു ഭീഷണിപ്പെടുത്തിയാണ് അന്നു വിട്ടത്.

ഇതിനുശേഷവും പലയിടങ്ങളിൽ നിർബന്ധിച്ചുകൊണ്ടുപോയി പീഡനം തുടർന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. രണ്ടാം ഭാര്യയാണെന്നും നല്ല പോലെ നോക്കാമെന്നും എപ്പോഴും പറയുമായിരുന്നു. 1993ൽ ജീവനക്കാരിയുടെ കഴുത്തിൽ താലിമാല കെട്ടി രണ്ടാം ഭാര്യയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റാരെയും വിവാഹം കഴിക്കരുതെന്നും ചെയ്താൽ അവിഹിതബന്ധം പുറത്തുപറഞ്ഞ് അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു.

1996ൽ പ്രതിക്ക് ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കമ്പനി നോക്കിനടത്തിയത് പരാതിക്കാരിയായിരുന്നു. 2017ൽ അർബുദബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി ജോലിയിൽനിന്ന് അവധിയെടുത്തു പരാതിക്കാരി. എന്നാൽ, അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കമ്പനിക്കു മുന്നിലെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടിയ വിവരം അറിയുന്നത്.

ഇതേതുടർന്ന് ഉടമയെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കമ്പനിയിൽനിന്നുള്ള വിവിധ രേഖകൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചതുമില്ല. ഇതോടെ വീട്ടിൽ വിവരം അറിയിച്ചു. ഇരുവരും തമ്മിലുള്ള രഹസ്യബന്ധത്തെ കുറിച്ചെല്ലാം വെളിപ്പെടുത്തി. ഇതോടെ പരാതിക്കാരിയുടെ പിതാവ് ലാൽചന്ദിന്റെ വീട്ടിൽ നേരിട്ടെത്തി. കുറ്റം സമ്മതിച്ച ഇയാൾ ബന്ധം തന്റെ ഭാര്യയെയും കുടുംബത്തെയും അറിയിക്കരുതെന്ന് അപേക്ഷിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹം കഴിക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

എന്നാൽ, ഇതിനുശേഷവും മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും പ്രതി പാലിച്ചില്ല. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ, ഉഭയസമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധമെന്നു വാദിച്ച് ലാൽചന്ദ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബലാത്സംഗക്കേസ് റദ്ദാക്കണമെന്നും പ്രതി ആവശ്യപ്പെട്ടു.

ഈ ഹരജിയിലാണിപ്പോൾ ജസ്റ്റിസുമാരായ അജയ് ഗഡ്കരി, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ഉഭയസമ്മത പ്രകാരം രഹസ്യബന്ധം തുടരുകയും, പിന്നീട് ബന്ധം വഷളായ ശേഷം ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിക്കുന്നതും ഇപ്പോൾ പതിവാണ്. അതിന്റെ ഉത്തരമോദാഹരണമാണ് ഈ കേസെന്ന് വിധിന്യായത്തിനിടെ കോടതി നിരീക്ഷിച്ചു.

പ്രായപൂർത്തിയായവളാണു പരാതിക്കാരി. ബഹുഭാര്യത്വം നിയമവിരുദ്ധമാണെന്ന് അവർക്ക് അറിയാം. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെന്നു പരാതിയിലും ആരോപിക്കുന്നില്ല. ഇതിനു പുറമെ നീണ്ട മൂന്ന് പതിറ്റാണ്ടിനിടെ ബന്ധത്തിൽനിന്നു രക്ഷപ്പെടാനും പരാതി നൽകാനും നിരവധി അവസരങ്ങളുണ്ടായിട്ടും അതിനൊന്നും പരാതിക്കാരി ശ്രമിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നായിരുന്നു ലാൽചന്ദിനെതിരായ ബലാത്സംഗക്കേസ് കോടതി തള്ളിയത്.

Summary: Bombay High Court quashes rape case against 73-year-old man noting 31 years of consensual relationship with victim woman

TAGS :

Next Story