Quantcast

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ പീഡനമല്ലെന്ന് ബോംബൈ ഹൈക്കോടതി

14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റത്തിന് അറസ്റ്റിലായ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു ബോംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് അനുജ പ്രഭുദേശായി

MediaOne Logo

Web Desk

  • Published:

    15 May 2022 11:33 AM GMT

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ പീഡനമല്ലെന്ന് ബോംബൈ ഹൈക്കോടതി
X

മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതും സ്വകാര്യ ഭാഗങ്ങളിൽ തടവുന്നതും പ്രകൃതിവിരുദ്ധ പീഡനമല്ലെന്ന് കോടതി. ബോംബൈ ഹൈക്കോടതിയുടേതാണ് വിധി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റത്തിന് അറസ്റ്റിലായ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു ബോംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് അനുജ പ്രഭുദേശായി. കഴിഞ്ഞ വർഷമാണ് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിലുള്ള മേശവലിപ്പിലെ പണം കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥകൾ പുറത്തെത്തുന്നത്. പണമെടുത്തത് താനാണെന്നും പ്രതിക്കാണ് പണം നൽകിയതെന്നും കുട്ടി പിതാവിനോട് സമ്മതിച്ചു.

'ഒല പാർട്ടി' എന്ന പേരിലുള്ള ഓൺലൈൻ ഗെയിം റീചാർജ് ചെയ്യാനാണ് കടയിൽ പോകാറുള്ളത്. ഒരു ദിവസം കടയിൽ പോയപ്പോൾ കടയുടമ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ തടവുകയും ചെയ്‌തെന്നും കുട്ടി അച്ഛനോട് വെളിപ്പെടുത്തി. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയതും പ്രതിയെ ഇന്ത്യൻ ശിക്ഷാനിയമം 377 വകുപ്പ് പ്രകാരം പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും.

പോക്‌സോ പ്രകാരം പരമാവധി ജീവപര്യന്തം തടവാണ് ശിക്ഷ. ജാമ്യം ലഭിക്കാത്ത കുറ്റം കൂടിയാണിത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പ്രഭുദേശായ് ജാമ്യം അനുവദിക്കുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുണ്ടുകളിൽ ചുംബിക്കുകയും ചെയ്തതാണ് കുട്ടിയുടെ മൊഴിയിൽനിന്നും എഫ്.ഐ.ആറിൽനിന്നും വ്യക്തമാകുന്നത്. ഇത് ഐ.പി.സി 377 വകുപ്പ് അനുസരിച്ചുള്ള കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ജഡ്ജി പറഞ്ഞു.

Summary: The Bombay High Court has observed that kissing on lips and fondling are not unnatural offences under section 377 of the Indian Penal Code, and granted bail to a man accused of sexually assaulting a minor boy

TAGS :

Next Story