'ഇന്ത്യ പകർച്ചവ്യാധിയുടെ പിടിയിൽ'... സൊമാറ്റോക്കും സ്വിഗിക്കും മുന്നറിയിപ്പ്; ജങ്ക് ഫുഡ് അഡിക്ഷനെതിരെ കുറിപ്പ്
ഇന്ത്യയിലെ വർധിച്ചുവരുന്ന 'ഫുഡ് അഡിക്ഷനെ' കുറിച്ച് പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനിയുടെ സിഇഒ ശന്തനു പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചർച്ചയാവുകയാണ്.
പാചകം ചെയ്യുന്ന സമയം രണ്ടുമിനിറ്റ്... അത് ഡെലിവറി ചെയ്യാൻ എട്ട് മിനിറ്റ്... ഒരു ഫുഡ് കയ്യിലെത്താൻ വേണ്ടത് ആകെ പത്ത് മിനിറ്റ് മാത്രം, ഒരു ഫുഡ് ഡെലിവറി ആപ് ഉടമ ഇത് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് ഡെലിവറിയുടെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച് പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശന്തനു ദേശ്‌പാണ്ഡെയുടെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
ഏറ്റവും വലിയൊരു പകർച്ചവ്യാധിയുടെ പിടിയിലാണ് ഇന്ത്യ. പോഷകാഹാരക്കുറവ്, പാമോയിലും പഞ്ചസാരയും കൂടിയ അളവിൽ അടങ്ങിയ അനാരോഗ്യകരമായ സംസ്‌കരിച്ച ആഹാരങ്ങൾ.. ഇതാണ് ആളുകളെ ബാധിച്ചിരിക്കുന്ന ആ പകർച്ചവ്യാധി. ഇന്ത്യയിലെ വർധിച്ചുവരുന്ന 'ഫുഡ് അഡിക്ഷനെ' കുറിച്ച് ശന്തനു ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചർച്ചയാവുകയാണ്.
'49 രൂപയുടെ പിസ്സയും 20 രൂപയുടെ വിഷമടങ്ങിയ എനർജി ഡ്രിങ്കുകളും 30 രൂപ വിലയുള്ള ബർഗറുകളും ഇന്ത്യയിലെ ജങ്ക് ഫുഡ് അഡിക്ഷൻ വളരെയധികം വർധിപ്പിച്ചിരിക്കുകയാണ്. ചൈനയുടെയും യുഎസിൻ്റെയും പാതയിലേക്ക് പോവുകയാണ് നമ്മൾ. അതും ആരോഗ്യത്തിന് ആവശ്യമായ സാമ്പത്തിക പരിരക്ഷ പോലുമില്ലാതെ..' - ശന്തനു പറയുന്നു.
ഇപ്പോഴിതാ ഫ്രീസറിൽ വെച്ച പൂരിയും കറികളും പഴകിയ പച്ചക്കറികളും മല്ലിയിലകൾ കൊണ്ട് അലങ്കരിച്ച് ഫ്രഷ് ആണെന്ന് തോന്നിപ്പിച്ച് കയ്യിലെത്തിക്കുന്നു. പത്ത് മിനിറ്റിനുള്ളിൽ ഒരു ടു വീലർ നിങ്ങളുടെ ഡോറിന് മുന്നിലെത്തും. കാരണം, അടുത്ത ഒരു പതിനഞ്ച് മിനിറ്റ് കൂടി കാത്തിരിക്കാൻ ക്ഷമയില്ലാത്ത മടിയന്മാരായി മാറിയിരിക്കുകയാണ് നമ്മൾ. ഒരു കുക്കറിൽ പത്ത് മിനിറ്റ് നേരം പാചകം ചെയ്യാൻ പോലും കഴിയാത്തവരാണ് മാറിക്കഴിഞ്ഞു.
ഈ ഒരു പ്രവണത ഇന്ത്യൻ വാണിജ്യത്തിൻ്റെ അടുത്ത വലിയ തരംഗമാക്കാൻ എല്ലാ നിക്ഷേപകരും സ്ഥാപകരും ഫാൻസി വാചകങ്ങൾ നിർമിക്കുന്ന തിരക്കിലാണെന്നും ശന്തനു ചൂണ്ടിക്കാട്ടി. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട് ഇദ്ദേഹം.
'സൊമാറ്റോ, സ്വിഗ്ഗി... പ്ലീസ് നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ദയവുചെയ്‌ത് നിങ്ങളുടെ ഉൽപന്നങ്ങൾ കഴിക്കാൻ പറ്റുന്നതാണെന്നും സ്വാദിഷ്ടമാണെന്നും ഉറപ്പുവരുത്തൂ. പത്ത് മിനിറ്റിനുള്ളിൽ പഴക്കമില്ലാത്തതും മാന്യമായ രീതിയിൽ പാകം ചെയ്യുന്നതുമായ ഭക്ഷണം എത്തിക്കാൻ കഴിയുമെങ്കിൽ കഴിക്കാൻ എനിക്കും ഇഷ്‌ടമാണ്. അതൊരു വലിയ വികസനം തന്നെയായിരിക്കും. പക്ഷേ, അതിന്റെ അടുത്ത് പോലും നമ്മൾ എത്തിയതായി എനിക്ക് തോന്നിയിട്ടില്ല...'- ശന്തനു കുറിച്ചു.
എല്ലാവരും പാകം ചെയ്‌ത് കഴിക്കാൻ ശ്രമിക്കൂ. അത് മുതിർന്നവർക്ക് ജീവിക്കാൻ വേണ്ട ഒരു കഴിവ് തന്നെയാണ്. പത്ത് മിനിറ്റിൽ ഒരു സാൻഡ്‌വിച്ചോ സ്‌മൂത്തിയോ ഉണ്ടാക്കാൻ കഴിയാത്ത അത്രയും തിരക്കുള്ളവരല്ല ആരും. ഇങ്ങനെയുള്ള ജങ്ക് ഫുഡ് അഡിക്ഷൻ അനിയന്ത്രിതമായാൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുടൽ നിങ്ങളുടെ അസ്തിത്വത്തിൻ്റെ പ്രഭവകേന്ദ്രമാണ്. നിങ്ങൾ എന്താണോ കഴിക്കുന്നത് അതാണ് നിങ്ങൾ... ശന്തനു തന്റെ കുറിപ്പ് അവസാനിപ്പിച്ചു.
ശന്തനുവിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. ശന്തനു തുടങ്ങിവെച്ച ചർച്ച അമിതവണ്ണത്തിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും ആളുകളുടെ ശ്രദ്ധതിരിച്ചു. മൊബൈൽ ഫോണുകളിൽ നിന്ന് ഓൺലൈൻ ഫുഡ് ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ചിലരുടെ അഭിപ്രായം. സൗകര്യമുള്ളപ്പോൾ കയ്യിലെത്തുന്ന ഭക്ഷണം മോശം ആരോഗ്യത്തെയാണ് ക്ഷണിച്ചുവരുത്തുന്നതെന്നും ആളുകൾ പ്രതികരിച്ചു.
Adjust Story Font
16