വിട്ടുപോയ പട്ടം പിടിക്കാൻ ശ്രമിക്കുന്നതിനിടെ കനാലിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം
ജ്യേഷ്ഠൻ കൈലാഷിനൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് പട്ടം പറത്തുകയായിരുന്നു കുട്ടി.
നാഗ്പൂർ: കൈവിട്ടുപോയ പട്ടം പിടിക്കാൻ ശ്രമിക്കുന്നതിനിടെ കനാലിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂർ കോരാഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാദുല ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.
മഹാദുല സ്വദേശിയായ ദയാശങ്കർ അവധേഷ് പ്രജാപതിയാണ് മരിച്ചത്. ജ്യേഷ്ഠൻ കൈലാഷിനൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പട്ടം പറത്തുമ്പോൾ കൈവിട്ടുപോയ ചരട് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് സമീപത്തെ കനാലിലേക്ക് തെന്നി വീഴുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ കൈലാഷ് പ്രജാപതിയെ കനാലിൽ നിന്ന് പുറത്തെെങ്കിലും ഇളയ സഹോദരൻ ഒലിച്ചുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച രാവിലെയാണ് മൂന്നാം ക്ലാസ് വിദ്യാർഥിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കോരാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
പട്ടം പറത്തുന്നതിനിടെ ഷോക്കേറ്റ് മധ്യപ്രദേശിലെ ഉജ്ജൈനിൽ 12കാരൻ മരിച്ചിരുന്നു. ഞായറാഴ്ച ബേഗംബാഗ് ഏരിയയിൽ വീടിന്റെ ടെറസിൽ നിന്ന് പട്ടം പറത്തുകയായിരുന്നു കുട്ടി. ഈ സമയം ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് മഹാകാൽ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് വർമ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ കുട്ടി മരിച്ചിരുന്നു. പട്ടം പറത്തുന്നതിടെ ചരട് കഴുത്തില്‍ കുടുങ്ങി രാജസ്ഥാനിലെ കോട്ട സ്വദേശിയായ 12കാരനും കഴിഞ്ഞദിവസം മരിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്ര ഭീൽ ആണ് മരിച്ചത്. ജില്ലയില്‍ സമാനമായ സംഭവങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞിരുന്നു.
Adjust Story Font
16