Quantcast

ട്രാക്കിൽ വിള്ളൽ, ചുവന്ന ഷർട്ട് വീശി പന്ത്രണ്ടുകാരൻ; ഒഴിവായത് വൻ ട്രെയിന്‍ ദുരന്തം

റെയിൽവേ അധികൃതർ കുട്ടിയെ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-26 04:46:42.0

Published:

26 Sep 2023 4:45 AM GMT

Railway
X

representative image

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 12 വയസുകാരന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ട്രെയിൻ ദുരന്തം. ട്രാക്ക് തകർന്നത് ശ്രദ്ധയിൽപ്പെട്ട മുർസലിൻ സെയ്ഖ് എന്ന കുട്ടി തന്റെ ചുവന്ന ഷർട്ട് വീശിയാണ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന് അപായ മുന്നറിയിപ്പ് നൽകിയത്. ലോക്കോ പൈലറ്റ് ഇത് കാണുകയും അടിയന്തര ബ്രേക്ക് അമർത്തി കൃത്യസമയത്ത് ട്രെയിൻ നിർത്തുകയും ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച ഭാലൂക്ക റോഡ് യാർഡിന് സമീപം സംഭവം നടന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

മാൾഡയിലെ ഒരു 12 വയസ്സുള്ള ഒരു ആൺകുട്ടി തന്റെ ചുവന്ന ഷർട്ട് വീശി ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ അപകട മുന്നറിയിപ്പ് നൽകുകയായിരുന്നു. കനത്ത മഴയിൽ തകർന്ന ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന ട്രെയിൻ തക്ക സമയത്ത് തടഞ്ഞുനിർത്തിയത് ആ കുട്ടിയുടെ ഇടപെടലാണെന്നും നോർത്ത് ഈസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സബ്യസാചി ഡെ പ്രസ്താവനയിൽ പറഞ്ഞു.മഴയിൽ മണ്ണും ഉരുളൻകല്ലുകളും ഒലിച്ചുപോയാണ് ട്രാക്ക് കേടുവന്നതെന്നും അവർ വ്യക്തമാക്കി.

സമീപ ഗ്രാമത്തിലെ ഒരു കുടിയേറ്റ തൊഴിലാളിയുടെ മകനാണ് മുർസലിൻ സെയ്ഖ്. റെയിൽവേ ജീവനക്കാരോടൊപ്പം യാര്‍ഡില്‍ നിൽക്കുമ്പോഴാണ് മഴയിൽ കേടുപാടുകൾ സംഭവിച്ച പാളം ശ്രദ്ധയിൽപ്പെടുന്നത്. ആ സമയത്ത് കുട്ടി വിവേകത്തോടെ പ്രവർത്തിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. തകർന്ന ട്രാക്ക് നന്നാക്കിയാണ് പിന്നീട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

കുട്ടിയെ റെയിൽവേ അധികൃതർ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു. മാൾഡ നോർത്ത് എംപി ഖാഗൻ മുർമു, കതിഹാർ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ സുരേന്ദ്ര കുമാർ എന്നിവർ കുട്ടിയുടെ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്.

TAGS :

Next Story