Quantcast

'മുസ്‌ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല'; കർണാടകയിൽ ക്ഷേത്രോത്സവത്തില്‍ വീണ്ടും ബഹിഷ്കരണ ബാനർ സ്ഥാപിച്ച് വി.എച്ച്.പി

ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-01-14 13:40:34.0

Published:

14 Jan 2023 1:20 PM GMT

മുസ്‌ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല; കർണാടകയിൽ ക്ഷേത്രോത്സവത്തില്‍ വീണ്ടും ബഹിഷ്കരണ ബാനർ സ്ഥാപിച്ച് വി.എച്ച്.പി
X

ബെം​ഗളുരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തിൽ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്. മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലാണ് വംശീയ-വിദ്വേഷ നടപടി. ഇവിടുത്തെ ശ്രീ മഹാലിം​ഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പ്രദേശത്ത് ഒരു വിഭാ​ഗം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.

ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് ഇത്തരം ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്.

"നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും മുസ്‌ലികളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാർ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്"- പ്രദേശവാസികളിലൊരാൾ പറഞ്ഞു. ക്ഷേത്ര പരിപാലന കമ്മിറ്റിയുടെ യോ​ഗത്തിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് ബജ്രം​ഗ്ദൾ പ്രവർത്തകർ പറഞ്ഞു.

ഹിന്ദു മതത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ കച്ചവടം നടത്താൻ അവസരം നൽകൂ എന്നാണ് ബാനറിൽ പറയുന്നത്. വിഗ്രഹത്തെ ആരാധിക്കുന്നത് ഹറാം ആണെന്ന് വിശ്വസിക്കുന്ന ആർക്കും ഇവിടെ വ്യാപാരം നടത്താൻ അനുവാദമില്ലെന്നും ബാനറിൽ പറയുന്നു.

ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരം വിലക്ക്. മുമ്പും കർണാടകയുടെ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് കച്ചവടം നടത്താൻ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.

കഴിഞ്ഞവർഷം മാർച്ചിൽ ഉഡുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇതു കൂടാതെ, മുൽകിയിലെ ക്ഷേത്രോത്സവ നഗരിയിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. മുൽകി ബപ്പനാഡു ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാൻ, ഫുർഖാൻ എന്നിവരെ ബജ്റംഗ്ദൾ പ്രവർത്തകർ ഒഴിപ്പിച്ചത്.

പേര് ചോദിച്ച് മുസ്‌ലിംകളാണെന്ന് മനസിലായതോടെ അവിടംവിട്ടുപോവാൻ ആവശ്യപ്പെടുകയായിരുന്നു. ശിവമോ​ഗ മാരികമ്പ ക്ഷേത്രോത്സവത്തിൽ നിന്നാണ് സംസ്ഥാനത്ത് ആദ്യമായി ഹിന്ദുത്വ സംഘടനകൾ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് തുടങ്ങിയത്. ഇതാണ് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്.

ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുമകുരുവിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോ​ഗയിലെ മഹാഗണപതി ക്ഷേത്രം, ദക്ഷിണ കന്നടയിൽ പുത്തൂർ മാരികമ്പ ഉത്സവ മേള, മംഗളൂരു മാരികമ്പ മേള എന്നിവിടങ്ങളിലും കഴിഞ്ഞവർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. മതസൗഹാർദത്തിന് പേരുകേട്ടതാണ് 800 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ബപ്പനാഡു ക്ഷേത്രം.

ക്ഷേത്രത്തിന് സമീപം 'സാമുദായിക സൗഹാർദത്തിന്‍റെ ആധുനിക ഉദാഹരണം' എന്ന് എഴുതിവച്ചിട്ടുണ്ട്. മുസ്‌ലിം കച്ചവടക്കാരനാണ് ക്ഷേത്രം നിർമിച്ചതെന്നാണ് പറയപ്പെടുന്നതെന്നും മുസ്‌ലിംകൾക്ക് പ്രസാദം സ്വീകരിക്കാൻ അനുവാദം നൽകുന്ന അപൂർവ ക്ഷേത്രമാണിതെന്നും ക്ഷേത്രവളപ്പിലെ ബോർഡിലുണ്ട്.

എന്നിരിക്കെയാണ് ഇവിടെ ഹിന്ദുത്വ സംഘടനകൾ ഭിന്നിപ്പിന്‍റെ രാഷ്ട്രീയവുമായി രം​ഗത്തെത്തി ക്ഷേത്ര പാരമ്പര്യത്തിന് കളങ്കമേൽപ്പിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. ഇതുകൂടാതെ, സോമവാർപേട്ട് ശനിവാരസന്തെയിൽ സംഘടിപ്പിച്ച കൃഷിമേളയിലും മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മടിക്കേരിയിൽ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ഹിൽസിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മൈസൂരു കോർപറേഷൻ അധികൃതർക്ക് ഹിന്ദുത്വ സംഘടന നിവേദനം നൽകുകയും ചെയ്തിരുന്നു. കർണാടകയിലാകെ ക്ഷേത്രോത്സവങ്ങളിൽ കഴിഞ്ഞവർഷം സംഘ്പരിവാർ സംഘടനകൾ നടത്തിയ വിദ്വേഷ-വംശീയ നടപടിയാണ് ഈ വർഷവും ആവർത്തിക്കുന്നത്.

TAGS :

Next Story