Quantcast

ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവം: പ്രതിക്ക് പുതിയ വീട് നിർമിക്കാൻ ധനസമാഹരണവുമായി ബ്രാഹ്മണ സംഘടന

പ്രതിയുടെ വീട് കഴിഞ്ഞദിവസം ബുൾഡോസർ ഉപയോ​ഗിച്ച് തകര്‍ത്തിരുന്നു

MediaOne Logo

Web Desk

  • Published:

    10 July 2023 5:42 AM GMT

ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവം: പ്രതിക്ക് പുതിയ വീട് നിർമിക്കാൻ ധനസമാഹരണവുമായി ബ്രാഹ്മണ സംഘടന
X

ഭോപ്പാൽ: മധ്യപ്രദേശിലെ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന് വീട് നിർമിക്കാൻ ധനസമാഹരണ കാമ്പയിൻ ആരംഭിച്ച് 'ബ്രാഹ്‌മണ സമാജം'. പ്രതിയായ പ്രവേശ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് കഴിഞ്ഞദിവസം ഇടിച്ചു നിരത്തിയിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നിർദേശത്തെ തുടർന്നാണ് വീട് തകർത്തതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി പ്രവേശ് ശുക്ല ഭാര്യയ്ക്കും മൂന്ന് വയസുള്ള മകൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട് തകർത്തത് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധമെന്ന നിലക്കാണ് പുതിയ വീട് നിർമ്മിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വീട് നിർമിക്കാനായി പണം കണ്ടെത്താൻ പ്രവേശ് ശുക്ലയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പണം സംഭാവന ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും അഖില ഭാരതീയ ബ്രാഹ്‌മണ സമാജം സംസ്ഥാന അധ്യക്ഷൻ പുഷ്‌പേന്ദ്ര മിശ്ര പറയുന്നു. പ്രതി ചെയ്ത തെറ്റിന് ഒരു കുടുംബം മുഴുവൻ ദുരിതമനുഭവിക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. വീട് നിർമിക്കാനായി 51,000 രൂപ സഹായം നൽകിയെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. ഏത് നിയമപ്രകാരമാണ് സർക്കാർ കുടുംബത്തിന്റെ വീട് തകർത്തതെന്ന് അറിയാൻ സമാജ് മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹരജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മകൻ ചെയ്ത തെറ്റിന് അവൻ ശിക്ഷ അനുഭവിക്കണമെന്നും നിയമനടപടികളെ സ്വാഗതം ചെയ്യുന്നെന്നും പ്രവേശിന്‍റെ പിതാവ് രമാകാന്ത് ശുക്ല ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു . ' പക്ഷേ, എന്തിനാണ് ഞങ്ങളുടെ വീട് തകർത്തത്? മഴക്കാലത്ത് കയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലെന്നാണ് മധ്യപ്രദേശിലെ നിയമം . ഒരുതെറ്റും ചെയ്യാത്ത ഞങ്ങളുടെ കുടുംബം കഷ്ടപ്പെടുകയാണ്'. അയൽക്കാരുടെ കാരുണ്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസ് തകർത്ത വീട് തന്റെ മുത്തശ്ശിയുടെ പേരിലുള്ളതാണെന്നും പ്രവേശിന്റെയോ പിതാവിന്റെ പേരിലുള്ളതല്ലെന്നും ഭാര്യ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ പ്രതി പ്രവേശ് ശുക്ലയെ വെറുതെ വിടണമെന്നും അദ്ദേഹം തെറ്റ് തിരിച്ചറിഞ്ഞെന്നും ആദിവാസി യുവാവ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.



TAGS :

Next Story