ഏഴു മണിക്കൂര്‍ യാത്ര ചെയ്തിട്ടും വരന്‍റെ വീടെത്തിയില്ല; പൊട്ടിക്കരഞ്ഞ് യുവതി, ഒടുവില്‍ പൊലീസെത്തി സ്വന്തം വീട്ടിലേക്ക് അയച്ചു
വരന്‍റെ വീട് പ്രയാഗ്‍രാജിലല്ല, രാജസ്ഥാനിലാണെന്ന് മനസിലാക്കിയ വധു ഭര്‍തൃഗൃഹത്തിലേക്ക് പോകാതെ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
കാണ്‍പൂര്‍: വരന്‍റെയും വധുവിന്‍റെയും വീടുകള്‍ തമ്മിലുള്ള ദൂരം കൂടുതലാകുന്നത് പലപ്പോഴും വിവാഹം മുടങ്ങാന്‍ കാരണമാകാറുണ്ട്. ദൂരം കൂടുതലാകുന്ന പക്ഷം അതു പലപ്പോഴും തുടക്കത്തിലെ തന്നെ മുടങ്ങാറാണ് പതിവ്.എന്നാല്‍ കല്യാണം കഴിഞ്ഞ ശേഷം വരന്‍റെ വീട്ടിലേക്കുള്ള ദൂരക്കൂടുതലിന്‍റെ പേരില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഒരു നവവധു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
വരന്‍റെ വീട് പ്രയാഗ്‍രാജിലല്ല, രാജസ്ഥാനിലാണെന്ന് മനസിലാക്കിയ വധു ഭര്‍തൃഗൃഹത്തിലേക്ക് പോകാതെ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകാന്‍ യുവതി പൊലീസുകാരുടെ സഹായം തേടിയതായി ചകേരി എസിപി അമർനാഥ് യാദവ് പറഞ്ഞു.''വരാണസിയിൽ നിന്ന് കഴിഞ്ഞ ഏഴു മണിക്കൂറായി ഞാൻ യാത്ര ചെയ്യുന്നു, എന്നിട്ടും ഭര്‍തൃവീട്ടിൽ എത്തിയില്ല. എനിക്ക് ആകെ ക്ഷീണം തോന്നുന്നു, ഇപ്പോൾ രാജസ്ഥാനിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അത്ര ദൂരം പോകാന്‍ എനിക്ക് സാധിക്കില്ല'' വധു പൊലീസിനോട് പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ യുവാവുമായിട്ടാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
വരാണസിയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികളും ബന്ധുക്കളും ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാൺപൂരിലെ ഒരു ഹൈവേ പെട്രോൾ പമ്പിൽ ബസ് നിർത്തിയപ്പോൾ, ഏഴു മണിക്കൂർ യാത്ര ചെയ്തിട്ടും ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് വധു കരയാന്‍ തുടങ്ങി. പൊലീസിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡ്യൂട്ടിയിലുള്ള സബ് ഇൻസ്‌പെക്ടറോട് എസിപി നിര്‍ദേശിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നുവെന്ന് വരൻ രവി പൊലീസിനോട് പറഞ്ഞു. എന്നാല്‍ വധുവിന്‍റെ അമ്മയുമായി ബന്ധപ്പെട്ടപ്പോള്‍ വരന്‍ രാജസ്ഥാന്‍ സ്വദേശിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്.
തുടർന്ന് വധുവിനെ വരാണസിയിലേക്ക് തിരിച്ചയക്കാൻ അമ്മ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് വധുവിനെ തിരിച്ചയക്കുകയും വരന്‍ വധുവിനെ കൂടാതെ ബിക്കാനീറിലേക്ക് മടങ്ങുകയും ചെയ്തു.
Adjust Story Font
16