ബിഹാറിൽ വീണ്ടും പാലം തകർന്നു; ആളപായമില്ല
സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലും ഒരു ഡസനിലധികം പാലങ്ങൾ തകർന്നിരുന്നു
ഹാജിപൂർ: ബീഹാറിൽ വീണ്ടും പാലം തകർന്നു. വൈശാലി ജില്ലയിലാണ് ഏറ്റവും ഒടുവിൽ പാലം തകർന്നത്. ശനിയാഴ്ച പഹാർപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലും ഒരു ഡസനിലധികം പാലങ്ങൾ തകർന്നിരുന്നു.
'തകർന്ന ചെറിയ പാലത്തിന് 20 വർഷം പഴക്കമുണ്ട്. 2021ൽ ഇത് പൊതുജനങ്ങൾ ഉപയോഗിക്കാതിരിക്കാൻ അടച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലം 2021-ൽ പ്രദേശത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നേരത്തെ തകർന്നിരുന്നു. ശനിയാഴ്ച ചെറിയ പാലം പൂർണമായും തകർന്നു.' ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടുത്തിടെ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദേശം യോഗത്തിൽ നൽകി.
Adjust Story Font
16