Quantcast

ഗുജറാത്തിൽ പുതുതായി നിർമിച്ച പാലം ഉദ്ഘാടനത്തിനു മുന്‍പെ തകർന്നു; മൂന്നു എഞ്ചിനിയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

പാലത്തിന്‍റെ നിർമാണം അടുത്തിടെ പൂർത്തിയായെന്നും ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Jun 2023 4:51 AM GMT

newly built bridge
X

പാലം തകര്‍ന്നതിന്‍റെ ദൃശ്യം

ഗാന്ധിനഗര്‍: ദക്ഷിണ ഗുജറാത്തിലെ താപി ജില്ലയിൽ മിൻഡോള നദിയിൽ പുതുതായി നിർമിച്ച പാലത്തിന്‍റെ സ്ലാബ് തകർന്നു. പാലം തകര്‍ന്ന് മണിക്കൂറുകൾക്ക് ശേഷം ഗുജറാത്ത് സർക്കാർ ബുധനാഴ്ച മൂന്ന് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. പാലത്തിന്‍റെ നിർമാണം അടുത്തിടെ പൂർത്തിയായെന്നും ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.


വലോദ് താലൂക്കിലെ മായാപൂർ ഗ്രാമത്തെയും താപി ജില്ലയിലെ വ്യാരാ താലൂക്കിലെ ദേഗാമ ഗ്രാമത്തെയും ബന്ധിപ്പിച്ചാണ് പാലം നിർമിച്ചത്.ബുധനാഴ്ച രാവിലെയാണ് പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്. ഇതിനെ തുടർന്ന് ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തര അന്വേഷണം ആവശ്യപ്പെട്ടതായി സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.പ്രാഥമിക റിപ്പോർട്ടിൽ ഹൈലെവൽ ബ്രിഡ്ജ് നിർമാണത്തിനുപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരത്തിൽ ഗുരുതര അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായും പ്രസ്താവനയിൽ പറയുന്നു.ഇതനുസരിച്ച് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്‍റ് എൻജിനീയർ എന്നിവരെ സർക്കാർ അടിയന്തരമായി സസ്പെൻഡ് ചെയ്തു.



നിർമാണത്തിൽ കോൺക്രീറ്റിന്‍റെ ഗുണനിലവാരം കുറഞ്ഞതിന്‍റെ പേരിൽ സൂറത്തിലെ അക്ഷയ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തീരുമാനിച്ചതായും അതിന്‍റെ ഭാഗമായി സ്ഥാപനത്തിൽ നിന്ന് പണം ഈടാക്കാൻ ഉത്തരവിട്ടതായും പത്രക്കുറിപ്പിൽ പറയുന്നു.അക്ഷയ് കൺസ്ട്രക്ഷൻ ദക്ഷിണ ഗുജറാത്തിൽ കൊസാംബയിലുൾപ്പെടെ നിരവധി പാലങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് സൂറത്തിലെ വൃത്തങ്ങൾ പറഞ്ഞു.അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, മെഹ്‌സാന തുടങ്ങിയ ജില്ലകളിലും പാലം തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് മനീഷ് ദോഷി ചൂണ്ടിക്കാട്ടി.

TAGS :

Next Story