'ക്രൂരം, ജനാധിപത്യത്തിന് അപമാനം'; അതീഖ് അഹമ്മദിന്റെ കൊലയെ അപലപിച്ച് ജംഇയ്യത്ത് ഉലമായെ ഹിന്ദ്
രാജ്യത്ത് നിയമവാഴ്ച ഇല്ലെങ്കിൽ എല്ലായിടത്തും അരാജകത്വം വാഴുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരനേയും വെടിവച്ച് കൊന്ന സംഭവത്തെ അപലപിച്ച് ജംഇയ്യത്ത് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. കൊലപാതകത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച, പ്രസിഡന്റ് മൗലാനാ മഹമൂദ് അസദ് മദനി നടന്നത് രാജ്യത്തിനും മനുഷ്യരാശിക്കും ലജ്ജാകരമായ സംഭവമാണെന്നും പറഞ്ഞു.
രാജ്യത്ത് നിയമവാഴ്ച ഇല്ലെങ്കിൽ എല്ലായിടത്തും അരാജകത്വം വാഴുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃതമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിത്. പൊലീസ് സംരക്ഷണത്തിൽ നടന്ന നാണംകെട്ട പ്രവൃത്തിയാണെന്നും വിശേഷിപ്പിച്ചു.
ഒരു ക്രിമിനൽ പ്രവർത്തി നടന്നാൽ കുറ്റകൃത്യത്തിന്റെ സ്വഭാവവും ശിക്ഷയും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മൗലാന മദനി പറഞ്ഞു. നിയമം കൈയിലെടുക്കുന്നത് പൊലീസായാലും ജനങ്ങളായാലും അത് ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവൻ സംഭവവും സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മൗലാനാ മദനി ആവശ്യപ്പെട്ടു.
സംഭവത്തിന് ശേഷം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട വ്യാകുലതയും ആശങ്കയും പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അദ്ദേഹം അഭ്യർഥിച്ചു. ഒരു കാരണവശാലും അരാജകത്വത്തിന്റെ ഭാഗമാകരുതെന്നും ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഇരട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. ഇതേ കേസിൽ അറസ്റ്റിലായ അതീഖിന്റെ മകൻ ആസാദിനേയും സഹായിയേയും പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെയാണ് ഇരുവരും പൊലീസ് അടുത്തുണ്ടായിരിക്കെ കൊല്ലപ്പെടുന്നത്. ഇതിൽ വൻ സുരക്ഷാവീഴ്ചയും പൊലീസിന് പങ്കുമുണ്ടെന്ന ആരോപണം ശക്തമാണ്.
ഉമേഷ്പാൽ കൊലക്കേസിൽ അറസ്റ്റ് ചെയ്ത ശേഷം ശനിയാഴ്ച രാത്രി വൈദ്യപരിശോധനയ്‌ക്കായി പ്രയാഗ്‌രാജ് ആശുപത്രിയിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് അക്രമികൾ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് വീഴ്ത്തിയത്. സണ്ണി സിങ്, അരുൺ മൗര്യ, ലവ്‌ലേഷ് തിവാരി എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം, വധശ്രമം, ആയുധനിയമം ലംഘനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Adjust Story Font
16