Quantcast

'യെദ്യൂരപ്പ പീഡിപ്പിച്ചത് ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ'; കുറ്റപത്രം പുറത്ത്

പെണ്‍കുട്ടി കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ യെദ്യൂരപ്പ പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-29 05:08:16.0

Published:

29 Jun 2024 3:14 AM GMT

Former Karnataka Chief Minister and senior BJP leader BS Yediyurappa molested minor, gave money to girl, her mother, says POCSO case chargesheet, BS Yediyurappa POCSO case
X

ബി.എസ് യെദ്യൂരപ്പ

ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരായ ഗുരുതര കുറ്റങ്ങള്‍ അടങ്ങിയ പോക്‌സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ബി.ജെ.പി നേതാവ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്(സി.ഐ.ഡി) ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

17കാരിയെയാണ് യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. മകള്‍ക്കെതിരായ മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍ സഹായം തേടിയായിരുന്നു അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചത്.

പരാതി കേട്ട യെദ്യൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അകത്തു കയറിയ ശേഷം ഹാളിലേക്കുള്ള വാതിലടച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അദ്ദേഹം. പീഡിപ്പിച്ചയാളുടെ മുഖം ഓര്‍ക്കുന്നുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ചോദിച്ചത്. ഇതിനു മറുപടി പറയുന്നതിനിടെയാണു കുട്ടിയെ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പേടിച്ചരണ്ട കുട്ടി യെദ്യൂരപ്പയുടെ കൈ തട്ടിമാറ്റുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണു കുട്ടിക്ക് ഒരു തുക നല്‍കിയ ശേഷം വാതില്‍ തുറന്നത്. പിന്നീട് അമ്മയ്ക്കും പണം നല്‍കിയ ശേഷം കേസില്‍ സഹായിക്കാനാകില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.

ഇതിനുശേഷം ഫെബ്രുവരി 20ന് യെദ്യൂരപ്പയുടെ വീട്ടില്‍ പോയതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യെദ്യൂരപ്പ ഇവരെ വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു. ബെംഗളൂരുവിലെ വസതിയിലെത്തിയ ഇവര്‍ക്കു കൂട്ടാളികള്‍ മുഖേനെ രണ്ടു ലക്ഷം രൂപ കൈമാറി. ഫേസ്ബുക്കില്‍നിന്നും മൊബൈല്‍ ഫോണ്‍ ഗാലറിയില്‍നിന്നും സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പോക്‌സോ നിയമത്തിലെ എട്ട്, ഐ.പി.സി 354എ വകുപ്പുകള്‍ പ്രകാരമാണ് ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനക്കേസിലെ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Summary: Former Karnataka Chief Minister and senior BJP leader BS Yediyurappa molested minor, gave money to girl, her mother, says POCSO case chargesheet

TAGS :

Next Story