Quantcast

ബി.എസ്.പി ഏക സിവിൽകോഡിനെതിരല്ല, ബി.ജെ.പി നടപ്പാക്കുന്ന രീതിയെ എതിർക്കുന്നു-മായാവതി

ഏക സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് മായാവതി

MediaOne Logo

Web Desk

  • Published:

    2 July 2023 12:38 PM GMT

BSP chief Mayawati on UCC, Mayawati on Uniform Civil Code, BSP supports Uniform Civil Code, BSP, Mayawati, UCC, Uniform Civil Code
X

ലഖ്‌നൗ: രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരിച്ച് ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതി. പാർട്ടി ഏക സിവിൽകോഡിനെതിരല്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ, ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ലെന്നും മായാവതി അറിയിച്ചു.

'ഞങ്ങളുടെ പാർട്ടി ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെതിരല്ല. എന്നാൽ, രാജ്യത്ത് ബി.ജെ.പി അതു നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ല. വിഷയം രാഷ്ട്രീയവൽക്കരിച്ച് ബലംപ്രയോഗിച്ച് നിയമം രാജ്യത്ത് നടപ്പാക്കുന്നത് ശരിയല്ല.'-മായാവതി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

അതേസമയം, ഏക സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരെ അത് ഒന്നിപ്പിക്കും. ജനങ്ങൾക്കിടയിൽ സാഹോദര്യബോധം വളർത്തുകയും ചെയ്യും. ബലംപ്രയോഗിച്ച് ഏക സിവിൽകോഡ് നടപ്പാക്കുന്നത് ശരിയല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

നേരത്തെ, ആം ആദ്മി പാർട്ടിയും ഏക സിവിൽകോഡിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഏക സിവിൽകോഡിനെ താത്വികമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് എ.എപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പ്രതികരിച്ചത്. നിയമം നടപ്പാക്കുംമുൻപ് എല്ലാ മതനേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും സംഘടനകളുമായും ചർച്ച നടത്തി അഭിപ്രായസമന്വയമുണ്ടാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടിരുന്നു.

Summary: ‘Not against UCC, but don’t support how BJP is trying to implement it’: BSP chief Mayawati

TAGS :

Next Story