തമിഴ്നാട്ടിൽ ബി.എസ്.പി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു
ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്
ചെന്നൈ: തമിഴ്നാട്ടിൽ ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊന്നു. ചെന്നൈയിലെ സെംബിയം പ്രദേശത്തെ വസതിക്ക് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ ആക്രമിച്ചത്. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെയാണ് ആക്രമണം.
ബന്ധുക്കളും പാർട്ടിപ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് ശേഷം ആറംഗ സംഘം ഓടിരക്ഷപ്പെട്ടു. കഴിഞ്ഞവർഷം ഗുണ്ടാത്തലവനായ ആർകോട്ട് സുരേഷ് കൊല്ലപ്പെട്ടിരുന്നു. അതുമായി ഈ കൊലപാതകത്തിനും ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
എന്നാൽ ഫുഡ് ഡെലിവെറി ചെയ്യാനെന്ന രീതിയിലാണ് അക്രമികളെത്തിയതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില അവതാളത്തിലാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻവരെ കൊല്ലപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. അഭിഭാഷകനായ ആംസ്ട്രോങ് 2006-ൽ ചെന്നൈ കോർപ്പറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആംസ്‌ട്രോങ്ങ് എന്നും ദലിതരുടെ ശബ്ദമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ബി.എസ്.പി നേതാവ് മായാവതി എക്‌സിൽ കുറിച്ചു.
Adjust Story Font
16