ജനപ്രിയ പദ്ധതികളൊന്നുമില്ലാതെ കേന്ദ്രബജറ്റ്; കേരളത്തെ വീണ്ടും തഴഞ്ഞു
പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല
ന്യൂഡൽഹി: ജനപ്രിയ പദ്ധതികളൊന്നുമില്ലാതെ ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ബിഹാറിൽ മെഡിക്കൽ കോളേജും എയർപോർട്ടുകളും പാലങ്ങളും നിർമിക്കും. ആന്ധ്ര തലസ്ഥാന വികസനത്തിന് 15,000 കോടി അനുവദിക്കും. മുദ്രാ ലോൺ 20 ലക്ഷമാക്കി. നാല് കോടി യുവാക്കൾക്ക് തൊഴിൽ നൽകും. ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റം വരുത്തി.മൊബൈലിനും സ്വർണത്തിനും വില കുറയും.
ബിഹാറും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തപ്പോള്‍ കേരളത്തിന് നിരാശയായിരുന്നു. സംസ്ഥാനത്തിനായി പ്രത്യേകിച്ചായി ബജറ്റില്‍ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല.അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികൾ കേരളത്തിനില്ല. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കേരളത്തില്‍ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്‍റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചില ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.
അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റില്‍ അവഗണിച്ചു. അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികളും കേരളത്തിനില്ല.കർഷകരെ അവഗണിച്ച ബജറ്റാണ് കേന്ദ്രത്തിന്റെതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കേന്ദ്രബജറ്റിൽ ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Adjust Story Font
16