Quantcast

ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസം; പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും

അദാനി വിഷയത്തിൽ ചർച്ചയും ജെപിസി അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെടും

MediaOne Logo

Web Desk

  • Published:

    6 April 2023 1:21 AM GMT

parliament session
X

പാര്‍ലമെന്‍റ് സമ്മേളനം

ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് പ്രക്ഷുബ്ധമാകും. അദാനി വിഷയത്തിൽ ചർച്ചയും ജെപിസി അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെടും. പ്രതിപക്ഷ എംപിമാർ വിജയ് ചൗക്കിലേക്ക് പതാക മാർച്ച് നടത്തും.

കഴിഞ്ഞ മാസം 13ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണവും വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. പ്രതിപക്ഷ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ ഈ സഭാ കാലയളവിൽ ഒരു ദിവസം പോലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ഇന്നും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും. ഇരു സഭകളിലും പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയും കോൺഗ്രസ് ഉന്നയിക്കും.

പാർലമെന്‍റ് നടപടികൾ സ്തംഭിപ്പിച്ചതിന് പിന്നാലെ എം.പിമാർ വിജയ് ചൗക്കിലേക്ക് ദേശീയ പതാകയുമായി മാർച്ച് സംഘടിപ്പിക്കും. സർക്കാരിന് അദാനി വിഷയത്തിൽ എന്തൊക്കെയോ മറയ്ക്കാൻ ഉള്ളത് കൊണ്ടാണ് ചർച്ചയും അന്വേഷണവും നടത്താൻ തയ്യാറാകാത്തത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എം.പിമാർ ഇന്നും പാർലമെന്‍റില്‍ എത്തുക. പ്രതിഷേധം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ രാവിലെ യോഗം ചേരും.

TAGS :

Next Story