Quantcast

'ഈ സമ്മാനത്തിന് രക്തക്കറ മായ്ക്കാനാവില്ല'; ജെസിബി പുരസ്കാരത്തിനെതിരെ സാഹിത്യകാരന്മാർ

പുരസ്കാരം ഏർപ്പെടുത്തുന്ന ബുൾഡോസർ നിർമാതാക്കളായ ബ്രിട്ടീഷ് കമ്പനി ഇന്ത്യയിലും ഫലസ്തീനിലും വംശീയ ഉന്മൂലനത്തിൽ പങ്കാളികളാകുന്നുവെന്നാണ് സാഹിത്യകാരന്മാരുടെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2024-11-21 11:41:13.0

Published:

21 Nov 2024 11:39 AM GMT

ഈ സമ്മാനത്തിന് രക്തക്കറ മായ്ക്കാനാവില്ല; ജെസിബി പുരസ്കാരത്തിനെതിരെ സാഹിത്യകാരന്മാർ
X

ഡൽഹി: സാഹിത്യത്തിനുള്ള ജെസിബി പുരസ്കാരം കാപട്യമെന്ന് ആരോപിച്ച് നൂറിലധികം എഴുത്തുകാരുടെയും വിവർത്തകരുടെയും പ്രസാദകരുടേയും തുറന്ന കത്ത്. പുരസ്കാരം ഏർപ്പെടുത്തുന്ന ബുൾഡോസർ നിർമാതാക്കളായ ബ്രിട്ടീഷ് കമ്പനി ഇന്ത്യയിലും ഫലസ്തീനിലും വംശീയ ഉന്മൂലനത്തിൽ പങ്കാളികളാകുന്നുവെന്നാണ് സാഹിത്യകാരന്മാരുടെ വിമർശനം. നവംബർ 23 ന് ജെസിബി പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കത്ത് പുറത്തുവന്നത്.

കവിയും നിരൂപകനുമായ കെ.സച്ചിദാനന്ദൻ, കവിയും പ്രസാദകനുമായ ആസാദ് സെയ്ദി, കവയിത്രി ജസീന്ത കെർക്കറ്റ, കവിയും നോവലിസ്റ്റുമായ മീന കന്തസാമി, കവിയും ആക്ടിവിസ്റ്റുമായ സിന്തിയ സ്റ്റീഫൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള മുസ്‍ലിം വീടുകളും കടകളും ആരാധനാലയങ്ങളും തകർക്കാൻ ബിജെപി സർക്കാർ ജെസിബി ബുൾഡോസറുകൾ ഉപയോഗിച്ചു. ജെസിബിയുടെ ഏജൻ്റും ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാർ കാരണം, അധിനിവേശ ഫലസ്തീൻ പ്രദേശത്ത് വീടുകൾ പൊളിക്കുന്നതിനും സെറ്റിൽമെൻ്റ് വിപുലീകരണത്തിനും ജെസിബി ബുൾഡോസറുകൾ ഉത്തരവാദികളാണ്. അങ്ങനെ ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിനുള്ള ഇസ്രായേലിൻ്റെ തുടർച്ചയായ ശ്രമങ്ങളിൽ ജെസിബി പ്രധാന പങ്ക് വഹിക്കുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട വൈവിധ്യരായ സാഹിത്യകാരന്മാർക്കായി ജെസിബി ഒരു സാഹിത്യ സമ്മാനം ഏർപ്പെടുത്തി. എന്നാൽ, അതേസമയം തന്നെ അനേകം പേരുടെ ജീവിതവും ഉപജീവനമാർഗവും നശിപ്പിക്കുന്നതിൽ കൂട്ടുനിന്നു. സാഹിത്യകാരന്മാർ എന്ന നിലയിൽ, സാഹിത്യ സമൂഹത്തിന് പിന്തുണ നൽകാനുള്ള ഇത്തരം ധിക്കാരപരമായ അവകാശവാദങ്ങൾക്കായി ഞങ്ങൾ നിലകൊള്ളില്ല. ഈ സമ്മാനത്തിന് ജെസിബിയുടെ കൈകളിലെ രക്തം കഴുകാൻ കഴിയില്ല. ഇന്ത്യയിലെ വളർന്നുവരുന്ന എഴുത്തുകാർ മികച്ചത് അർഹിക്കുന്നുവെന്നും തുറന്ന കത്തിൽ പറയുന്നു.

ഫലസ്തീൻ നോവലിസ്റ്റ് ഇസബെല്ല ഹമ്മദ്, കവി റഫീഫ് സിയാദ, ഈജിപ്ഷ്യൻ നോവലിസ്റ്റ് അഹ്ദാഫ് സൂയിഫ്, ഇറാഖി കവിയും നോവലിസ്റ്റുമായ സിനാൻ അൻ്റൂൺ, നോവലിസ്റ്റും ഫലസ്തീനിയൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൻ്റെ ഡയറക്ടറുമായ ഒമർ റോബർട്ട് ഹാമിൽട്ടൺ എന്നിവരുൾപ്പെടെ പലസ്തീനിലെയും പശ്ചിമേഷ്യയിലെയും നിരവധി എഴുത്തുകാരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

സാധാരണ പൗരന്മാരുടെ ലക്ഷക്കണക്കിന് വീടുകൾ പൊളിക്കാൻ സഹായിച്ച യന്ത്രമെന്ന നിലയിൽ ജെസിബി എന്ന പദം ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുണ്ട്. ഈ പേര് ഇന്ത്യൻ സാഹിത്യത്തിനുള്ള വളരെ അഭിമാനകരമായ സാഹിത്യ സമ്മാനവുമായി ബന്ധപ്പെടുത്തുന്നത് എന്ത് വിരോധാഭാസമാണെന്നാണ് സാഹിത്യകാരന്മാർ ചോദിക്കുന്നത്.

മണ്ണുമാന്തി ഉപകരണങ്ങൾ മനുഷ്യൻ്റെ സുഖസൗകര്യങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം. എന്നാൽ സമീപ വർഷങ്ങളിൽ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ജീവിതം നശിപ്പിക്കുന്നതിനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. എന്നിട്ടും സാഹിത്യ പുരസ്കാരം നൽകുന്ന കമ്പനിയുടെ ഭാഗത്തുനിന്നുള്ള കാപട്യത്തെ ഞങ്ങൾ അപലപിക്കുന്നുവെന്നും അവർ പറയുന്നു.

മോദിയുടെ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമെതിരെ ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വിദ്വേഷത്തിൻ്റെയും ഭീഷണിയുടേയും പ്രതീകമായി ജെസിബി മാറിയിരിക്കുന്നു. സാഹിത്യ സമ്മാനം കൊണ്ട് നിയമസാധുത നേടാനാണ് ജെസിബി ശ്രമിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമോ വൈവിധ്യമോ ബഹുസ്വരതയോ അത് പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ സംസാരിക്കേണ്ടത് എഴുത്തുകാരെന്ന നിലയിൽ അനിവാര്യമാണെന്നും സാഹിത്യകാരന്മാർ വ്യക്തമാക്കുന്നുണ്ട്.

TAGS :

Next Story