ബുൾഡോസർ രാജ്, മാർഗനിർദേശം ലംഘിച്ച് വീട് പൊളിച്ചാൽ ഉദ്യോഗസ്ഥർ വീട് നിർമിച്ച് നൽകണം; മുന്നറിയിപ്പുമായി സുപ്രിംകോടതി
കുറ്റവാളിക്ക് പുറമെ കുടുംബാംഗങ്ങളെയും അന്യായമായി ശിക്ഷിക്കുന്ന നടപടിയെന്ന് വിമർശനം
ന്യൂഡൽഹി: ബുൾഡോസർ രാജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി. കുറ്റാരോപിതനെ കുറ്റക്കാരനെന്ന് സ്വയം പ്രഖ്യാപിച്ച് അയാളുടെ വീട് തകർത്തുകൊണ്ട് എക്‌സിക്യൂട്ടീവിന് ജഡ്ജിയാകാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രധാന വിമർശനം.
കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കോടതി വിമർശനം നടത്തിയത്.
കുറ്റാരോപിതർക്കെതിരായ നടപടികളെ ചോദ്യം ചെയ്തുള്ള ഹരജികളിലാണ് ജസ്റ്റിസ് ബി.ആർ ഗവായ്. ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവർ ചേർന്ന ബെഞ്ച് വിധി പറഞ്ഞത്.
ബുൾഡോസർ രാജ് കേസുകളിൽ അനധികൃത കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചതെന്നായിരുന്നു സംസ്ഥാന അധികാരികളുടെ വാദം. എന്നാൽ പൊളിക്കൽ നടപടികളുടെ നിയമവിരുദ്ധ സ്വഭാവം ചൂണ്ടിക്കാട്ടി നിരവധി ഹരജികളാണ് കോടതിക്കുമുന്നിൽ എത്തിയിട്ടുള്ളത്.
ഓരോ കുടുംബത്തിന്റെയും വർഷങ്ങളുടെ സ്വപ്‌നമാണ് ഒരു വീട്. ഈ സ്വപ്‌നങ്ങൾ എടുത്തുകളയാൻ എക്‌സിക്യൂട്ടീവിനെ അനുവദിക്കണോ എന്ന് ജസ്റ്റിസ് ഗവായ് ചോദ്യമുന്നയിച്ചു. ഒരു വീട് തലയ്ക്ക് മുകളിൽ ഒരു തണൽ എന്നതിലുപരി ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുടെ മൂർത്തീഭാവമാണ്.
ഭരണഘടനയ്ക്ക് കീഴിലുള്ള ഒരു കുറ്റകൃത്യത്തിൽ പഴിചാരപ്പെട്ടവന് പിഴയായി അവന്റെയും അവന്റെ കുടുംബത്തിന്റെയും അഭയം എടുത്തുകളയുകയാണോ വേണ്ടത് എന്നും കോടതി ചോദ്യമുന്നയിച്ചു.
സ്ത്രീകളും കുട്ടികളും ഒറ്റ രാത്രികൊണ്ട് തെരുവിലിറങ്ങേണ്ടി വരുന്നത് വേദനാജനകമാണ്. ഇത്തരം പൊളിക്കൽ നടപടികൾ താൽക്കാലികമായി വൈകിപ്പിക്കുന്നത് അധികാരികളെ ദോഷകരമായി ബാധിക്കില്ലെന്നും ബെഞ്ച് വിധിയിൽ അഭിപ്രായപ്പെട്ടു.
പൊളിക്കൽ നടപടിയിലേക്ക് കടക്കും മുമ്പ് പാലിക്കേണ്ട മാർഗനിർദേശങ്ങളും കോടതി പ്രഖ്യാപിച്ചു.
വീടെന്നുള്ള വർഷങ്ങളുടെ അധ്വാനത്തെ പൊളിക്കും മുമ്പ് ഈ നടപടി അവസാനത്തെ ആശ്രയമായിരുന്നെന്ന് അധികാരികൾ തെളിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു നടപടിക്രമങ്ങളുമില്ലാതെ ഒറ്റയടിക്ക് കെട്ടിടം പൊളിക്കൽ നടപടിയിലേക്ക് കടക്കാൻ പാടില്ല. ക്രിമിനൽ നിയമപ്രകാരം കുറ്റം തെളിയിക്കുന്നത് വരെ കുറ്റാരോപിതനായ വ്യക്തി നിരപരാധിയാണ്. ഒരു കെട്ടിടം പൊളിക്കുന്നത് കുറ്റവാളിക്ക് പുറമെ മുഴുവൻ കുടുംബാംഗങ്ങളെയും അന്യായമായി ശിക്ഷിക്കുന്ന നടപടിയാണ്. എന്നാൽ പൊതുഭൂമിയിൽ അനധികൃതമായി നിർമിക്കുന്നതോ കോടതി ഉത്തരവിട്ടതോ ആയ കേസുകളിൽ ഈ നിർദേശം ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥർ അധികാരപരിധിക്കുള്ളിൽ ഉള്ള കാര്യങ്ങൾ ചെയ്താൽ മതി. അതിരുകടന്ന് ഉന്നതമായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉത്തരവാദിത്ത്വത്തോട് കുടി പ്രവർത്തിക്കാൻ പഠിക്കണം.
മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കോടതിയലക്ഷ്യവും വിചാരണയും നേരിടേണ്ടി വരും. കൂടാതെ പൊളിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥർ പൊളിച്ച കെട്ടിടം പുനസ്ഥാപിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ഭരണഘടന പാലിച്ചുള്ള ജനാധിപത്യത്തിന് വ്യക്തിസ്വാതന്ത്രൃം അനിവാര്യമാണ്. നിയമം ലംഘിക്കുന്ന പൗരനെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനും ക്രമസമാധാനം നിലനിർത്താനും ഭരണകൂടം ബാധ്യസ്ഥരാണ്. ഇതിൽ പരാജയപ്പെടുന്നത് പൗരന്മാർക്കിടയിൽ ഭരണഘടനയിലുള്ള വിശ്വാസം കുറയുന്നതിനും കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നതിലേക്കും വഴിവെക്കും.
തങ്ങളുടെ സ്വത്ത് ഭരണകൂടം അധികാരത്തിന്റെ ഏകപക്ഷീയ നയങ്ങൾ വഴി നശിപ്പിച്ചെന്ന് പൗരൻമാരിൽ തോന്നിപ്പിക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16