യുവതിയെ കാർ കയറ്റി കൊല്ലാൻ ശ്രമം; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ
സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറായ പ്രിയ സിങ്ങിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
താനെ: കാമുകിയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മഹാരാഷ്ട്രയിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അനിൽ ഗെയ്ക്വാദിന്റെ മകൻ അശ്വജിത് ഗെയ്ക്വാദ്, റോമിൽ പട്ടേൽ, സാഗർ ഷെഡ്ഗെ എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഹീന്ദ്ര സ്‌കോർപ്പിയോയും ലാൻഡ്റോവറും പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി അഡീഷണൽ പൊലീസ് കമ്മീഷണർ മഹേഷ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 11 ന് വൈകുന്നേരമാണ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 26 കാരിയായ പ്രിയ സിങ്ങിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറായ പ്രിയ സിങ്ങ് ചികിത്സയിലാണ്. നാലരവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നെന്നും അശ്വജിത്തിനെ കാണാൻ ഹോട്ടലിൽ പോയ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും പൊലീസ് പറയുന്നു. കാറിൽ നിന്ന് ബാഗ് എടുക്കാൻ നിൽക്കുമ്പോൾ അശ്വജിത് ഡ്രൈവറോട് കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
അപകടത്തില്‍ വലതു കാലിലെ മൂന്ന് എല്ലുകൾ ഒടിഞ്ഞു. ശരീരത്തിന്റെ ഇടതുവശത്ത് തോളിൽ നിന്ന് ഇടുപ്പ് വരെ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്, അനങ്ങാൻ പറ്റുന്നില്ലെന്നും പ്രിയ പറയുന്നു. പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് വൈകിയെന്നും അന്വേഷണം വൈകിപ്പിക്കുകയാണെന്നും പ്രിയ സോഷ്യൽമീഡിയയിലൂടെ ആരോപിച്ചിരുന്നു.
Adjust Story Font
16