Quantcast

ഗുജറാത്തിൽ കെജരിവാൾ ഒരുങ്ങിത്തന്നെ: പ്രമുഖ വ്യവസായി എഎപിയിൽ

അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി.

MediaOne Logo

Web Desk

  • Updated:

    2021-06-28 06:23:57.0

Published:

28 Jun 2021 6:16 AM GMT

ഗുജറാത്തിൽ കെജരിവാൾ ഒരുങ്ങിത്തന്നെ: പ്രമുഖ വ്യവസായി എഎപിയിൽ
X

അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. മാധ്യമപ്രവർത്തകർ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർ തുടങ്ങി സമൂഹത്തിൽ ശ്രദ്ധേയമായവരെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എ.എ.പി. പ്രമുഖ വ്യവസായി മഹേഷ് സവാനിയെ പാർട്ടിയിൽ എത്തിച്ചതാണ് എഎപിയുടെ പുതിയ നീക്കം.

ഞായറാഴ്ചയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ മഹേഷിന് സ്വീകരണമൊരുക്കിയത്. നേരത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ ഇസുദാൻ ഗദാവിയെ പാർട്ടിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവകാരുണ്യ രംഗത്ത് കൂടി സജീവമായ മഹേഷ് സവാനിയെ കൂടി എ.എ.പി ക്യാമ്പിൽ എത്തിച്ചിരിക്കുന്നത്. അരവിന്ദ് കെജരിവാൾ അഹമ്മദാബാദിൽ നേരിട്ട് എത്തിയായിരുന്നു ഇസുദാൻ ഗദാവിയെ പാർട്ടിയിലെത്തിച്ചത്.

സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലില്ലായ്മയില്‍ പ്രതിഷേധിക്കുന്ന പ്രവീൺ റാമുമായും മനീഷ് സിസോദിയ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ ഉന്നയിച്ച് നടത്തുന്ന ജൻ ആന്ദോളൻ മഞ്ചിനെ നയിക്കുന്നത് പ്രവീൺ റാം ആണ്. ഇദ്ദേഹവും അടുത്ത് തന്നെ എഎപിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ ഇടപെടലിലൂടെ ശ്രദ്ധേയരായ ഒത്തിരി പേർ വരും ദിവസങ്ങളിൽ എത്തുമെന്നാണ് ഒരു എഎപി നേതാവ് വ്യക്തമാക്കുന്നത്.

സമൂഹമാധ്യമങ്ങളിലുൾപ്പെടെ അതിനുവേണ്ടി പണിയെടുക്കുകയാണ് എഎപി ഗുജറാത്ത് ഘടകം. ഇതില്‍ അരവിന്ദ് കെജരിവാളിന്റെ പൂർണ പിന്തുണയുണ്ടെന്നാണ് വിവരം. ഗുജറാത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇവിടെ ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള കളിയാണ് നടക്കുന്നതെന്നും കെജരിവാൾ അടുത്തിടെ ആരോപിച്ചിരുന്നു. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ എഎപി ഒരു ബദലായി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സൂറത്ത് കോർപറേഷനിൽ 27 സീറ്റുകൾ നേടി എ.എ.പി കരുത്ത് തെളിയിച്ചിരുന്നു. കന്നി അംഗത്തിൽ തന്നെ സൂറത്ത് കോർപറേഷനിലെ പ്രതിപക്ഷമാകാനും എഎപിക്ക് കഴിഞ്ഞിരുന്നു. ദേശീയ തലസ്ഥാനത്ത് മാത്രം പ്രധാനമായും ഒതുങ്ങി നിൽക്കുന്ന എ.എ.പി, ബി.ജെ.പിയുടെ കോട്ടയായ ഗുജറാത്തിൽ വരവറിയിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

TAGS :

Next Story