Quantcast

കാബിനറ്റ് മന്ത്രിമാർ, ബിഹാറിന് പ്രത്യേക പദവി; നിതീഷ് കുമാർ ലക്ഷ്യം വെക്കുന്നതെന്തെല്ലാം?

ജെഡിയു നിലപാട് നിർണായമാകുന്നതിനാൽ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കള്‍

MediaOne Logo

Web Desk

  • Updated:

    2024-06-05 12:28:03.0

Published:

5 Jun 2024 12:26 PM GMT

Cabinet Ministers, special status for Bihar; What is Nitish Kumar aiming for?jdu,nda,modi,latestnews
X

പട്‌ന: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് 12 എംപിമാരുള്ള ജനതാദൾ (യു)വിന്റെ പങ്ക് നിർണ്ണായകമാകുമെന്നതിനാൽ വിലപേശലിൽ നിതീഷ് കുമാർ പിശുക്ക് കാണിക്കാനിടയില്ല. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേരാനിരിക്കെ ജെഡിയുവിന്റെ അമരക്കാരൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കണക്കുകൂട്ടലുകൾ ചെറുതല്ല.

കാബിനറ്റ് ഉൾപ്പെടെ സുപ്രധാനമായ കൂടുതൽ മന്ത്രിസ്ഥാനങ്ങൾ, ബിഹാറിന് പ്രത്യേക പദവി, സംസ്ഥാന വികസനത്തിന് കേന്ദ്ര ഫണ്ടുകൾ, നേരത്തെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ വമ്പൻ ആവശ്യങ്ങളായിരിക്കും അദ്ദേഹം മുന്നോട്ട് വെക്കാൻ സാധ്യതയുള്ളത്. ജെഡിയുവിന് കുറഞ്ഞത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാരും ഒരു സഹമന്ത്രിസ്ഥാനവും തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നവെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

റെയിൽവേ, ഗ്രാമവികസനം, ജലവിഭവം തുടങ്ങിയ പ്രധാന വകുപ്പുകൾ ലക്ഷ്യംവെക്കുന്നത് ബിഹാറിന്റെ വികസനത്തിനുകൂടി സഹായകമാകുമെന്ന വിശ്വാസത്തിലാണ് ജെഡിയു.

243 അംഗ നിയമസഭയിൽ 45 അംഗങ്ങളുള്ള ജെഡിയുവിന് നേരത്തേയാകുന്ന തെരഞ്ഞെടുപ്പ് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ ആവശ്യത്തിനും മുൻഗണന നൽകുന്നത്. എന്നാൽ നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്ന ജെഡിയുവിന്റെ ആവശ്യത്തെ സംസ്ഥാന ബിജെപി നേതാക്കൾ എതിർത്തിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

പാവപ്പെട്ട കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായം നൽകുന്നതിനായി പ്രഖ്യാപിച്ച ബീഹാർ ലഘു ഉദ്യമി യോജന നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിൽ നിന്നും നല്ലൊരു വിഹിതം നേടിയെടുക്കാമെന്ന പ്രതീക്ഷയും പാർട്ടി മുന്നോട്ട് വെക്കുന്നുണ്ട്.

ജെഡിയു നിലപാട് നിർണായകമാകുമെന്നതിനാൽ സംസ്ഥാനത്തിന് പ്രതേക പദവിയുൾപ്പെടെയുള്ള ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു നേതാവ് കെ.സി ത്യാഗി പറഞ്ഞു.



TAGS :

Next Story