രാജവെമ്പാലയെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം, പാമ്പുകടിയേറ്റു 60കാരന്‍ മരിച്ചു; വീഡിയോ
അസമിലെ കച്ചാർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്
വയലില്‍ നിന്നും പിടികൂടിയ രാജവെമ്പാലയെ കഴുത്തില്‍ ചുറ്റി ഗ്രാമവാസികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പുകടിയേറ്റു 60കാരന് ദാരുണാന്ത്യം. അസമിലെ കച്ചാർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. രഘുനന്ദൻ ഭൂമിജ് എന്നയാളാണ് മരിച്ചത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഭൂമിജ് രാജവെമ്പാലയെ പിടികൂടുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച രാജവെമ്പാലയെ കഴുത്തില്‍ ചുറ്റിയ ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നാട്ടുകാര്‍ ഈ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പാമ്പിന്‍റെ കഴുത്തില്‍ പിടികൂടിയ ഭൂമിജ് പാമ്പിനെ വീണ്ടും വീണ്ടും തന്‍റെ കഴുത്തിലൂടെ ചുറ്റിയിടുന്നത് വീഡിയോയില്‍ കാണാം. ഒപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നുമുണ്ട്.
അതിനിടെ പെട്ടെന്ന് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ അടുത്തുള്ള സിൽചാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. നെൽവയലുകൾ രാജവെമ്പാലയുടെ ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥയാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മരിസ്വാമി പറഞ്ഞു. '' ഇത്തരത്തില്‍ പാമ്പുകളെ കൈകാര്യം ചെയ്യരുതെന്ന് ഞങ്ങൾ ആളുകളോട് അഭ്യർത്ഥിക്കുന്നു. അപകടകരമാണെന്ന് മാത്രമല്ല, വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കുറ്റകരവുമാണ്. വന്യജീവികളെ കണ്ടാൽ ഉടൻ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം'' മരിസ്വാമി കൂട്ടിച്ചേര്‍ത്തു.
കൊടുംവിഷമുള്ളതാണെങ്കിലും രാജവെമ്പാലയുടെ കടിയേറ്റു മനുഷ്യന്‍ മരിക്കുന്നത് അപൂര്‍വമാണെന്നും നാളിതുവരെ രാജ്യത്ത് മൂന്നോ നാലോ മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും അസം സര്‍വകലാശാലയിലെ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് പ്രൊഫസര്‍ പർതങ്കർ ചൗധരി പറഞ്ഞു. ആവാസവ്യവസ്ഥ ഉൾവനത്തിലായതിനാൽ രാജവെമ്പാല പൊതുവെ ഉപദ്രവകാരികളല്ല എന്നാണ് പറയപ്പെടുന്നത്. മനുഷ്യനെ കണ്ടാലും ഒഴിഞ്ഞു പോകും.ഇവയുടെ കടിയേറ്റ സംഭവങ്ങൾ അപൂർവ്വമായതും അതുകൊണ്ടാണ്.
Adjust Story Font
16