'സർ എന്നല്ല, രാഹുൽ എന്ന് വിളിച്ചാൽ മതി'; വിരുന്നിനിടെ രാമേശ്വറിനോട് രാഹുൽ, വീഡിയോ
വിലക്കയറ്റം മൂലം പച്ചക്കറി വാങ്ങാൻ കഴിയാതെ മടങ്ങിയ രാമേശ്വർ എന്ന കച്ചവടക്കാരന് രാഹുൽ വീട്ടിൽ വിരുന്ന് നൽകിയത് വാർത്തയായിരുന്നു...
വിലക്കയറ്റം മൂലം പച്ചക്കറി വാങ്ങാൻ കഴിയാതെ മടങ്ങിയ രാമേശ്വർ എന്ന കച്ചവടക്കാരന് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വീട്ടിൽ വിരുന്ന് നൽകിയത് വാർത്തയായിരുന്നു. ഡൽഹിയിലെ തന്റെ വസതിയിലാണ് രാഹുൽ രാമേശ്വർ എന്ന കച്ചവടക്കാരന് വിരുന്നൊരുക്കിയത്. വിരുന്നിന്റെ ചിത്രങ്ങളും രാഹുൽ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ വിരുന്നിൽ നിന്നുള്ള കൂടുതൽ വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് രാഹുൽ. രാമേശ്വറിനൊപ്പമുള്ള വീഡിയോ ആണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ രാമേശ്വർ രാഹുലിനെ സർ എന്ന് അഭിസംബോധന ചെയ്യുമ്പോൾ രാഹുൽ തിരുത്തുന്നതും തന്നെ രാഹുൽ എന്ന് വിളിക്കാൻ പറയുന്നതും കാണാം. തന്റെ പേര് രാഹുൽ എന്നാണെന്നും സർ എന്ന് വിളിക്കേണ്ടതില്ല എന്നുമാണ് രാഹുൽ പറയുന്നത്.
യുപി സ്വദേശിയായ താൻ നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് ഡൽഹിയിലേക്ക് വന്നതെന്നും എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നും വീഡിയോയിൽ രാമേശ്വർ പറയുന്നുണ്ട്. തന്റെ കഷ്ടപ്പാട് ഫലം കാണുന്നില്ലെന്നും പാവപ്പെട്ടവർ രാജ്യത്ത് പാവങ്ങളായി തന്നെ തുടരുകയാണെന്നും അദ്ദേഹം പറയുന്നു.
"കഴിഞ്ഞ പത്തു വർഷത്തിനിടെ ചെയ്യാത്ത ജോലികളില്ല. കൂടുതൽ ജോലി ചെയ്യാനുള്ള ആരോഗ്യവും നശിച്ചു വരികയാണ്. പക്ഷേ ഇത്രനാളും കഷ്ടപ്പെട്ടതിന്റെ ഫലം ഇതുവരെ ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. സർക്കാർ ആരെയും കേൾക്കില്ല. രാജ്യത്ത് ദരിദ്രർ അതിദരിദ്രരാവുകയും സമ്പന്നർ അതിസമ്പന്നർ ആവുകയും ചെയ്യുകയാണ്". രാമേശ്വർ പറയുന്നു.
ചൊവ്വാഴ്ചയാണ് രാമേശ്വറിന് രാഹുൽ വീട്ടിൽ വിരുന്ന് നൽകിയത്. ജീവസ്സുറ്റ ഹൃദയത്തിനുടമയാണ് രാമേശ്വർ ജി എന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീകമാണ് അദ്ദേഹമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
എന്നാൽ രാമേശ്വറുമായി രാഹുലിന്റെ കൂടിക്കാഴ്ചയ്‌ക്കെതിരെ ബിജെപി നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലാഭങ്ങൾക്കായി രാഹുൽ ഒരു പാവം കച്ചവടക്കാരനെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളവർക്കല്ലാതെ ആർക്ക് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്നുമായിരുന്നു ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യയുടെ പ്രതികരണം.
ജൂലൈയിലാണ് വിലക്കയറ്റത്തിന്റെ തീവ്രത വ്യക്തമാക്കി രമേശ്വറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വില കുത്തനെ ഉയർന്നത് മൂലം കടയിലേക്ക് തക്കാളി എടുക്കാൻ കഴിയാതെ വന്നതോടെ ഒഴിഞ്ഞ സഞ്ചി കാട്ടി രാമേശ്വർ വികാരാധീനനാവുകയായിരുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്നും എന്ത് വിലയ്ക്കാണ് പച്ചക്കറി വിൽക്കുകയെന്ന് നിശ്ചയമില്ലെന്നും നഷ്ടത്തിലാണ് അവസാനം കച്ചവടമെത്തുകയെന്നുമായിരുന്നു കണ്ണീരോടെ രാമേശ്വറിന്റെ പ്രതികരണം. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ രാമേശ്വറിന്റെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16