അമേഠി, റായ്ബറേലി സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ; രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് ആവശ്യം
അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്നാണ് യു.പി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ വെച്ചിട്ടുള്ള നിർദേശം.
ന്യൂഡൽഹി: അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. യു.പി കോൺഗ്രസിലെ നേതാക്കൾ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാശ് പാണ്ഡെയേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്നാണ് യു.പി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ വെച്ചിട്ടുള്ള നിർദേശം. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്കാ ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്നാണ് ആവശ്യം. രാഹുലും പ്രിയങ്കയും മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നാണ് യു.പി കോൺഗ്രസ് നേതൃത്വം പറയുന്നത്.
2019ൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും സ്മൃതി ഇറാനിയെ തന്നെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര അമേഠിയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
Adjust Story Font
16