രാജ്യത്തിന്‍റെ ഒരു ഭാഗത്തെയും പാകിസ്താനെന്ന് വിളിക്കരുത്; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പാക് പരാമര്‍ശത്തില്‍ സുപ്രിം കോടതി
ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ചാണ് നടപടി
ഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ജഡ്ജി വി ശ്രീശാനന്ദക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹരജിയിലെ നടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ചാണ് നടപടി. രാജ്യത്തിന്‍റെ ഒരു ഭാഗത്തെയും ആരും പാകിസ്താനെന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഇത്തരം പരാമര്‍ശം രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണ്. ഒരു വിഭാഗത്തിനെതിരെ പരാമര്‍ശം ഉയര്‍ത്തിയാല്‍ പക്ഷപാതിയെന്ന ആക്ഷേപമുയരും. ഇത്തരം പരാമര്‍ശങ്ങളില്‍ ആശങ്കയുണ്ടെന്നും സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
ബെംഗളൂരുവിൽ മുസ്‍ലിംകൾ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്താൻ' എന്ന് വിശേഷിപ്പിച്ചാണ് കർണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമർശം നടത്തിയത്. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചായിരുന്നു ജസ്റ്റിസിന്റെ പരാമർശം.
“മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാൽ, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാൽ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാർഥ്യം. എത്ര കർശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവർ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും'' എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.
വിഷയത്തില്‍ സുപ്രിം കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ ജസ്റ്റിസ് മാപ്പ് പറഞ്ഞിരുന്നു. തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവമല്ലായിരുന്നുവെന്നും കോടതിനടപടിക്കിടെ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ശ്രീശാനന്ദ പറഞ്ഞത്. താൻ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
Adjust Story Font
16