Quantcast

അമിത് ഷായെ കാണില്ല; അമരീന്ദറിന്റെ ഡൽഹി സന്ദർശനം വ്യക്തിപരമെന്ന് ഓഫീസ്

അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    28 Sep 2021 9:59 AM GMT

അമിത് ഷായെ കാണില്ല; അമരീന്ദറിന്റെ ഡൽഹി സന്ദർശനം വ്യക്തിപരമെന്ന് ഓഫീസ്
X

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഓഫീസ്. പുറത്തുവരുന്ന വാർത്തകൾ അഭ്യൂഹമാണെന്നും സുഹൃത്തുക്കളെ കാണാനാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും ഓഫീസ് വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോർട്ട്.

വ്യക്തിഗത സന്ദർശനമാണ് ക്യാപ്റ്റന്റേതെന്ന് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ വിശദീകരിച്ചു. 'അമരീന്ദറിന്റെ ഡൽഹി യാത്ര കൂടുതൽ വായിക്കപ്പെട്ടു. അദ്ദേഹത്തിന്റേത് വ്യക്തിഗത സന്ദർശനമാണ്. അടുത്ത സുഹൃത്തുക്കളെ അദ്ദേഹം സന്ദർശിക്കുന്നുണ്ട്' - രവീൺ വ്യക്തമാക്കി.

അതിനിടെ, പാർട്ടിയിൽ അമരീന്ദറിന്റെ മുഖ്യ എതിരാളിയായ നവ്‌ജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് സിദ്ദു രാജിക്കത്തയച്ചത്.

സെപ്തംബർ 18നാണ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയാണ് ഭരണതലത്തിൽ കോൺഗ്രസ് വൻ അഴിച്ചുപണി നടത്തുന്നത്. തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നില്ല.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാരാണ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്. ഇതിൽ നാല് മന്ത്രിമാരും ഉണ്ടായിരുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.

മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവ സമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. 'പ്രിയങ്കയും രാഹുലും എനിക്ക് മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നത്. ഞാൻ ദുഃഖിതനാണ്'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

TAGS :

Next Story