ഒളിംപിക് ജേതാക്കൾക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പി പഞ്ചാബ് മുഖ്യമന്ത്രി
ഒളിംപിക്‌സ് താരങ്ങൾക്കു വേണ്ടി ഭക്ഷണമുണ്ടാക്കാമെന്ന വാഗ്ദാനം നിറവേറ്റുകയായിരുന്നു അമരിന്ദർ സിങ്
ടോക്യോ ഒളിംപിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിച്ച പഞ്ചാബിൽ നിന്നുള്ള കായിക താരങ്ങൾക്കു വേണ്ടി ഭക്ഷണം പാകം ചെയ്തും വിളമ്പിയും മുഖ്യമന്ത്രി ക്യാപ്ടൻ അമരിന്ദർ സിങ്. സർക്കാർ ഒരുക്കിയ ഔദ്യോഗിക വിരുന്നിലാണ് താരങ്ങൾ നല്ലൊരു പാചകവിദഗ്ധൻ കൂടിയായ മുഖ്യമന്ത്രിയുടെ കൈപ്പുണ്യമറിഞ്ഞത്.
Privileged to have hosted our Olympians for dinner tonight. Thoroughly enjoyed cooking for them. May you continue to bring great laurels to the country. 🇮🇳 pic.twitter.com/hI2ntXtZQs
— Capt.Amarinder Singh (@capt_amarinder) September 8, 2021
മൊഹാലിയിലെ മൊഹിന്ദർ ബാഗിലെ സ്വന്തം ഫാം ഹൗസിൽ നടന്ന ചടങ്ങിലാണ് അമരിന്ദർ സിങ് സ്വന്തം കൈകൊണ്ട് പാകം ചെയ്ത വിഭവങ്ങൾ താരങ്ങൾക്കു വിളമ്പിയത്. പട്യാല രാജകുടുംബത്തിന്റെ ശൈലിയിലുള്ള പാചകത്തിൽ പുലാവ്, ആട്ടിറച്ചി, കോഴിയിറച്ചി, പഞ്ചാബി പുലാവ്, ഉരുളക്കിഴങ്ങ് വിഭവങ്ങൾ, സർദ ചോറ് തുടങ്ങിയവയാണ് മുഖ്യമന്ത്രി തയാറാക്കിയത്.
ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയടക്കം മുപ്പതിലേറെ താരങ്ങൾ വിരുന്നിൽ പങ്കെടുത്തു. താരങ്ങളെ സ്വീകരിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്ത മുഖ്യമന്ത്രി അവർക്കു വേണ്ടി വിളമ്പാനും മുന്നിൽ നിന്നു.
ഒളിംപിക്‌സ് താരങ്ങൾക്കു വേണ്ടി താൻ ഭക്ഷണമുണ്ടാക്കുമെന്ന് ആഗസ്റ്റ് 12-ന് അമരിന്ദർ സിങ് വാഗ്ദാനം ചെയ്തിരുന്നു.
'ഞാൻ വല്ലാതെ ഭക്ഷണം കഴിക്കാറില്ലെങ്കിലും നന്നായി പാചകം ചെയ്യാനിഷ്ടപ്പെടുന്ന ആളാണ്. നിങ്ങൾ തിയതിയും സമയവും പറയൂ... ടോക്യോയിൽ പങ്കെടുത്ത താരങ്ങളുടെ ബഹുമാനാർത്ഥം ഞാൻ സ്വയം പാചകം ചെയ്തു വിളമ്പാം. എനിക്കും നിങ്ങൾക്കെല്ലാവർക്കും ആ ദിവസം നല്ലൊരു ഓർമയായിരിക്കും.' - വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിലെ പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾക്ക് 2.5 കോടി രൂപ വീതം വിതരണം ചെയ്ത ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
Adjust Story Font
16