തലക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച 'കുപ്രസിദ്ധ' കുരങ്ങ് ഒടുവിൽ പിടിയിൽ
രണ്ടാഴ്ചക്കിടെ 20 ഓളം പേര്‍ക്കാണ് കുരങ്ങിന്‍റെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുരങ്ങിനെ പിടികൂടി. രണ്ടാഴ്ചക്കിടെ 20 ഓളം പേരെയാണ് കുരങ്ങ് മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പലവഴികളും നോക്കിയെങ്കിലും കുരങ്ങിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കുരങ്ങിനെ പിടിക്കുന്നവർക്ക് 21,000 രൂപ പാരിതോഷികം നൽകുമെന്ന് മുൻസിപ്പാലിറ്റി വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഉജ്ജയിനിൽ നിന്നെത്തിയ രക്ഷാസംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുരങ്ങിനെ പിടികൂടിയത്. ഡ്രോൺ ഉപയോഗിച്ച് സംഘം കുരങ്ങിനെ നിരീക്ഷിച്ചു. തുടർന്നാണ് കുരങ്ങിനെ കൂട്ടിലാക്കിയത്.
കുരങ്ങിന്റെ ആക്രമണത്തിൽ എട്ട് കുട്ടികൾക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. വീടിന്റെ മേൽക്കൂരയിലും മരച്ചില്ലകളിലും മറ്റും ഒളിച്ചിരിക്കുന്ന കുരങ്ങൻ പെട്ടന്ന് ആളുകളുടെ ദേഹത്തേക്ക് ചാടിവീണ് ആക്രമിക്കുകയാണ് പതിവ്. പലർക്കും ആഴത്തിലുള്ള മുറിവുകളാണ് ആക്രമണത്തിൽ പറ്റിയിട്ടുള്ളത്.
കുരങ്ങനെ പിടികൂടുന്നത് പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രാദേശിക അധികാരികൾ 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ സഹായത്തോടെയാണ് ഉജ്ജയിനിൽ നിന്ന് വനം വകുപ്പിന്റെ റെസ്‌ക്യൂ ടീമിനെ കൊണ്ടുവന്നതെന്ന് രാജ്ഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻ വിനോദ് സാഹു പറഞ്ഞു. നാലുമണിക്കൂർ പണിപ്പെട്ടാണ് കുരങ്ങിനെ കൂട്ടിലാക്കിയത്. കുരങ്ങിനെ പിടികൂടുന്നവർക്ക് പ്രഖ്യാപിച്ച 21,000 രൂപ ഇനി മൃഗസംരക്ഷണ വരകുപ്പിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ കുരങ്ങിനെ ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Adjust Story Font
16