യു.പിയിൽ പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയ സംഭവം; മരണം ഒമ്പതായി
പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകൻ രാം കശ്യപാണ് മരിച്ചത്
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയ സംഭവത്തിൽ മരണം ഒമ്പതായി. പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകൻ രാം കശ്യപാണ് മരിച്ചത്.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാലു കർഷകരടക്കം എട്ടുപേർ മരിച്ചിരുന്നു.
സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രക്കും 14 പേർക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധത്തിനിടയിൽ വൻ തോതിൽ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കർഷകർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളുടെ വാഹനങ്ങൾ കർഷകർ കത്തിച്ചു. പരിക്കേറ്റ് ചോരയൊലിക്കുന്ന നിരവധി കർഷകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കർഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സർക്കാർ കർഷകരുടെ ഘാതകരായി മാറിയെന്ന് കർഷക നേതാക്കൾ വിമർശിച്ചിരുന്നു.
Adjust Story Font
16