'കാറിൽ എയർ ബാഗില്ല, മകൻ അപകടത്തിൽ മരിച്ചു'; ആനന്ദ് മഹീന്ദ്രക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്
2020 ലാണ് രാജേഷ് മിശ്ര മഹീന്ദ്രയുടെ സ്‌കോർപിയോ കാർ വാങ്ങുന്നത്
കാൺപൂർ: കാറിൽ എയർബാഗുണ്ടെന്ന് തെറ്റായ ഉറപ്പ് നൽകിയെന്നാരോപിച്ച് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ 12 ജീവനക്കാർക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജേഷ് മിശ്രയെന്ന കാർ ഉടമയാണ് തന്റെ മകൻ അപകടത്തിൽ മരിക്കാനുള്ള കാരണം മഹീന്ദ്ര കമ്പനിയാണെന്ന് കാണിച്ച് പരാതി നൽകിയിരിക്കുന്നത്.
2020 ലാണ് രാജേഷ് മിശ്ര മഹീന്ദ്രയുടെ സ്‌കോർപിയോ കാർ വാങ്ങുന്നത്. മകനായ അപൂർവിന്റെ പിറന്നാളിനാണ് കാർ സമ്മാനമായി നൽകിയത്. ഏകദേശം 17.39 ലക്ഷം രൂപ മുടക്കിയാണ് കാർ വാങ്ങിയത്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ലഖ്‌നൗവിൽ നിന്ന് കാൺപൂരിലേക്ക് പോകുന്നതിനിടെ അപൂർവ് കാർ അപകടത്തിൽ മരിച്ചു. ഡിവൈഡറിൽ തട്ടി കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ അപൂർവ് മരിച്ചു.
അപകട സമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിലും എയർ ബാഗ് പ്രവർത്തിച്ചിരുന്നില്ല. കമ്പനി വാഹനത്തിൽ എയർ ബാഗ് ഘടിപ്പിച്ചിരുന്നില്ലെന്നാണ് രാജേഷ് മിശ്രയുടെ പരാതി. എയർ ബാഗ് ഉണ്ടായിരുന്നെങ്കിൽ മകന്റെ ജീവൻ നഷ്ടമാകില്ലായിരുന്നെന്നും പരാതിയിലുണ്ട്. മഹീന്ദ്രയുടെ ഷോറൂമിലെത്തി ഇക്കാര്യം പറഞ്ഞപ്പോൾ തന്നോട് ജീവനക്കാർ മോശമായി പെരുമാറുകയും കുടുംബത്തെ അധിക്ഷേപിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിലുണ്ട്. തെറ്റായ ഉറപ്പ് നൽകി കമ്പനി വഞ്ചിച്ചെന്നാണ് രാജേഷ് മിശ്ര പറയുന്നത്.
Adjust Story Font
16