മതവിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെതിരെ കേസ്
ഫെബ്രുവരി രണ്ടിന് നടന്ന സന്യാസിമാരുടെ സമ്മേളനത്തിലായിരുന്നു മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസംഗം.
ബാർമെർ: മതവിദ്വേഷം പ്രചരിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസംഗം നടത്തിയതിന് പതഞ്ജലി ഉടമയും യോഗാ ഗുരുവുമായ ബാബാ രാംദേവിനെതിരെ കേസ്. രാജസ്ഥാനിലെ ബാർമെറിൽ കഴിഞ്ഞദിവസം നടത്തിയ വിദ്വേഷ പരാമർശത്തിലാണ് നടപടി.
ഒരു പ്രദേശവാസിയുടെ പരാതിയിൽ ചൗഹത്താൻ പൊലീസ് സ്റ്റേഷനിലാണ് രാംദേവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി രണ്ടിന് നടന്ന സന്യാസിമാരുടെ സമ്മേളനത്തിലായിരുന്നു മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസംഗം.
മുസ്‌ലിംകൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നുമാണ് രാംദേവ് അധിക്ഷേപിച്ചത്. ഹിന്ദുമതം അതിന്റെ അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റു രണ്ട് വിശ്വാസങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്ന് രാംദേവ് ആരോപിച്ചു. ഹിന്ദുമതത്തെ ഇസ്‌ലാമിനോടും ക്രിസ്തുമതത്തോടും താരതമ്യപ്പെടുത്തുമ്പോഴായിരുന്നു ഇത്.
രാംദേവിനെതിരെ ഐ.പി.സി 153 എ (വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക), 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ), 298 (ഒരു വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെയുള്ള പരാമർശങ്ങള്‍) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പർഹായ് ചൗഹട്ടാൻ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഭൂതാറാം പറഞ്ഞു.
Adjust Story Font
16