Quantcast

ചത്തീസ്ഗഢിലും ഹരിദ്വാർ മോഡൽ ഹിന്ദുത്വ സമ്മേളനം; വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു പുരോഹിതനെതിരെ കേസ്

ഇന്ത്യയെ തകർത്തയാളാണ് ഗാന്ധിയെന്നും അതിനാൽ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ താൻ അഭിനന്ദിക്കുന്നുവെന്നും വിവാദപ്രസംഗത്തിൽ കലിചരൺ മഹാരാജ് പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-27 12:01:39.0

Published:

27 Dec 2021 9:34 AM GMT

ചത്തീസ്ഗഢിലും ഹരിദ്വാർ മോഡൽ ഹിന്ദുത്വ സമ്മേളനം; വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു പുരോഹിതനെതിരെ കേസ്
X

ഹരിദ്വാറിനു പിറകെ വിവാദം സൃഷ്ടിച്ച് ചത്തീസ്ഗഢിലും ഹിന്ദുത്വ സമ്മേളനം. സമ്മേളനത്തിൽ മഹാത്മാ ഗാന്ധിക്കും ഇസ്‌ലാമിനുമെതിരെ അധിക്ഷേപപ്രസംഗം നടത്തിയ ഹിന്ദു പുരോഹിതനെതിരെ കേസെടുത്തു. ഹിന്ദു പുരോഹിതനായ കലിചരൺ മഹാരാജിനെതിരെയാണ് ചത്തീസ്ഗഢ് പൊലീസിന്റെ നടപടി. റായ്പൂരിലെ മുൻ മേയർ പ്രമോദ് ദുബെ നൽകിയ പരാതിയിലാണ് നടപടി.

വിവാദ പ്രസംഗത്തിൽ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ മഹാരാജ് പ്രശംസിച്ചിരുന്നു. ഇന്ത്യയെ തകർത്തയാളാണ് ഗാന്ധിയെന്നും അതിനാൽ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ താൻ അഭിനന്ദിക്കുകയാണെന്നും വിവാദപ്രസംഗത്തിൽ കലിചരൺ മഹാരാജ് പറയുന്നുണ്ട്. ഇന്ത്യയെ രാഷ്ട്രീയത്തിലൂടെ പിടിച്ചടക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും പ്രസംഗത്തിൽ ആരോപിക്കുന്നു. ഹിന്ദുമതത്തെ സംരക്ഷിക്കാൻ ശക്തനായൊരു നേതാവിനെ തെരഞ്ഞെടുക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു.

മഹാരാജിന്റെ പ്രസംഗത്തിലെ വിവാദ പരാമർശത്തെത്തുടർന്ന് 'ധർമ സൻസദ്' ഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാൾ കൂടിയായ പ്രമുഖ പുരോഹിതൻ രാംസുന്ദർ ദാസ് വേദിവിട്ടു പോയിരുന്നു. ഗാന്ധിക്കെതിരായ പരാമർശത്തിൽ പരസ്യമായി പ്രതിഷേധവും രേഖപ്പെടുത്തി. രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചയാളാണ് ഗാന്ധിയെന്ന് ചത്തീസ്ഗഢിലെ തന്നെ ഒരു ക്ഷേത്രത്തിലെ പുരോഹിതനായ രാംസുന്ദർ ദാസ് പ്രതികരിച്ചു.

പ്രസംഗത്തിനെതിരെ വലിയ തോതിൽ വിമർശമുയർന്നതിനു പിറകെയാണ് പ്രമോദ് ദുബെ റായ്പൂർ പൊലീസിൽ പരാതി നൽകിയത്. മഹാരാജിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തണമെന്ന് ചത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ മോഹൻ മാർക്കാം ആവശ്യപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തിയ കുറ്റത്തിനാണ് കാലിചരൺ മഹാരാജിനെതിരെ റായ്പൂർ പൊലീസ് കേസെടുത്തത്.

ഈ മാസം 17 മുതൽ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന വിവാദ ഹിന്ദു സമ്മേളനത്തിനു പിറകെയാണ് ചത്തീസ്ഗഢിലും ധർമ സൻസദ് നടന്നത്. ഹരിദ്വാർ സമ്മേളനത്തിൽ വിവിധ ഹിന്ദു നേതാക്കന്മാർ മുസ്‍ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തിയിരുന്നു. ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാക്കാൻ മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഹിന്ദു നേതാക്കന്മാരുടെ ആഹ്വനം. പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തും അന്താരാഷ്ട്രതലത്തിലും ഉയർന്നത്. പരിപാടി നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്വേഷപ്രസംഗങ്ങളിൽ നടപടിയെടുക്കാത്ത പൊലീസ് സമീപനത്തിൽ വൻവിമർശനമുയർന്നു. ഇതിനുപിന്നാലെ യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി(ജിതേന്ദ്ര ത്യാഹി)ക്കെതിരെ മാത്രമാണ് കേസെടുത്തത്.

TAGS :

Next Story