Quantcast

സ്വർണക്കടത്ത് കേസ് പ്രതി നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

കേസിൽ സംസ്ഥാന മന്ത്രിമാർക്ക് പങ്കുണ്ടെന്നും നിയമസഭയിൽ അവരുടെ പേരുകൾ പറയുമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ യത്നാൽ അവകാശപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    19 March 2025 2:32 AM

Published:

19 March 2025 2:30 AM

Case against Karnataka BJP MLA over vulgar remark against actor Ranya Rao, latest national news,
X

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻ​ഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് കേസ്. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

സ്വർണക്കടത്ത് കേസിൽ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ അശ്ലീല പരാമർശം നടത്തിയത്. കേസിൽ സംസ്ഥാന മന്ത്രിമാർക്ക് പങ്കുണ്ടെന്നും നിയമസഭയിൽ അവരുടെ പേരുകൾ പറയുമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ യത്നാൽ അവകാശപ്പെട്ടു.

കർണാടക ഡിജിപി രാംചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു ദുബൈയിൽ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വർണവുമായി വരുന്നതിനിടെ മാർച്ച് മൂന്നിന് ബെം​ഗളൂരു വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. തുടർന്ന് രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.6 കോടി വിലമതിക്കുന്ന സ്വർണവും 2.67 കോടി രൂപയും പൊലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും മറ്റ് ഏജൻസികളും നടത്തിയ അന്വേഷണത്തിൽ റാവുവും സുഹൃത്ത് തരുൺ രാജുവും ഈ വർഷം കുറഞ്ഞത് 26 തവണ ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് ഓരോ യാത്രയിലും ഗണ്യമായ അളവിൽ സ്വർണം കടത്തിയതായും കണ്ടെത്തി.

അതേസമയം, ഡിജിപി രാമചന്ദ്ര റാവുവിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് വിമാനത്താവള പ്രോട്ടോക്കോൾ ഓഫീസർ അവകാശപ്പെട്ടു. എന്നാൽ, ദുബൈയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ 14 കിലോയിൽ കൂടുതൽ സ്വർണം കടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് രന്യ റാവുവിന്റെ വാദം. ഡിആർഐയുടെ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിൽ, ഉദ്യോഗസ്ഥർ തന്നെ മർദിച്ചെന്നും മുൻകൂട്ടി ടൈപ്പ് ചെയ്ത രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും അവർ ആരോപിച്ചു.

കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിലവിൽ സേവനമനുഷ്ഠിക്കുന്ന രന്യയുടെ പിതാവിനെതിരെയും സ്വർണക്കള്ളക്കടത്ത് കേസിലെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റാവു നിലവിൽ നിർബന്ധിത അവധിയിലാണ്.

TAGS :

Next Story