Quantcast

ബി.ജെ.പി നേതാവിന്റെ പരാതിയിൽ 'ദി വയർ'നെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ദി വയറിനെതിരെ വെള്ളിയാഴ്ചയാണ് മാളവ്യ സ്‌പെഷ്യൽ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2022-10-29 16:00:18.0

Published:

29 Oct 2022 3:54 PM GMT

ബി.ജെ.പി നേതാവിന്റെ പരാതിയിൽ ദി വയർനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
X

ന്യൂഡൽഹി: സ്വതന്ത്ര ഓൺലൈൻ മാധ്യമമായ 'ദി വയർ'നെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പരാതിയിലാണ് കേസ്. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചുള്ള പരാതിയിലാണ് കേസ്.

അമിത് മാളവ്യ സോഷ്യൽമീഡിയ ഭീമനായ മെറ്റയിലെ തന്റെ പ്രത്യേക പദവി ഉപയോഗിച്ച് 700ലധികം പോസ്റ്റുകൾ നീക്കം ചെയ്തെന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് 'ദി വയർ' സ്ഥാപകനും എഡിറ്റർമാർക്കുമെതിരെ ഡൽഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ദി വയറിനെതിരെ വെള്ളിയാഴ്ചയാണ് മാളവ്യ സ്‌പെഷ്യൽ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥാപകൻ സിദ്ധാർഥ് വർദരാജൻ, എഡിറ്റർമാരായ സിദ്ധാർഥ് ഭാട്ടിയ, എം കെ വേണു, ജാഹ്നവി സെൻ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഐ.പി.സി 420 (വഞ്ചന), 468 (വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ), 469 (പ്രതിച്ഛായയ്ക്ക് ഹാനി വരുത്തുന്നതിനുള്ള വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ ഉപയോ​ഗിക്കുക), 500 (അപകീർത്തിപ്പെടുത്തൽ), 120ബി (കുറ്റകരമായ ​ഗൂഡാലോചന), 34 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ടിലൂടെ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയിട്ടും ദി വയറിന്റെ ക്ഷമാപണത്തിൽ തന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന് മാളവ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

മെറ്റയിൽ കേന്ദ്ര സർക്കാരിനെയോ ബി.ജെ.പിയെയോ വിമർശിക്കുന്ന ഏത് ഉള്ളടക്കവും നീക്കം ചെയ്യാൻ അതിന്റെ എക്സ്ചെക്ക് പ്രോഗ്രാമിലൂടെ മാളവ്യയ്ക്ക് ചില പ്രത്യേകാവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദി വയർ റിപ്പോർട്ട്. ഒരു മെറ്റാ വൃത്തത്തിൽ നിന്നും ലഭിച്ച രേഖയെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ റിപ്പോർട്ടുകൾ എന്ന് ദി വയർ അവകാശപ്പെട്ടിരുന്നു.

TAGS :

Next Story