Quantcast

ട്വിറ്ററിനെതിരെ വീണ്ടും കേസ്; പുതിയത് പോക്‌സോ നിയമപ്രകാരം

കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത ശക്തമാവുന്നതിനിടെ ട്വിറ്ററിനെതിരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.

MediaOne Logo

Web Desk

  • Published:

    29 Jun 2021 3:24 PM GMT

ട്വിറ്ററിനെതിരെ വീണ്ടും കേസ്; പുതിയത് പോക്‌സോ നിയമപ്രകാരം
X

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത ശക്തമാവുന്നതിനിടെ ട്വിറ്ററിനെതിരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്റെ പരാതിയില്‍ പറയുന്നു. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 29ന് ഹാജരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ പേരിലാണ് യു.പി പൊലീസ് ട്വിറ്ററിനെതിരെ ആദ്യം കേസെടുത്തത്. ട്വിറ്റര്‍ ഇന്ത്യ മേധാവി മഹേഷ് മഹേശ്വരി ഹാജരാവണമെന്നാണ് ഗാസിയാബാദ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലും ട്വിറ്റര്‍ മേധാവി പ്രതിയാണ്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായി കാണിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരെ കേസുണ്ട്.

TAGS :

Next Story